2018 ആവര്‍ത്തികരുത്; ഗാഡ്കില്‍ റിപ്പോര്‍ട്ടിനെതിരെ കൊടിയെടുത്തത് എല്‍ഡിഎഫാണെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡാം മനേജ്മെന്റില്‍ 2018ല്‍ സംഭവിച്ച മഹാ അബദ്ധങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വൃഷ്ടിപ്രദേശത്ത് മഴപെയ്യുമ്പോള്‍ ഡാം തുറക്കരുതെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

2018ലെ പ്രളയത്തില്‍ നദിയില്‍ അടിഞ്ഞ പാറയും ചെളിയും ഇതുവരെ മാറ്റാനാകാത്തത് വലിയ തിരിച്ചടിയാണ്. നെതര്‍ലാന്റില്‍ നിന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോര്‍ റിവര്‍ എന്ന കണ്‍സപ്റ്റിന് എതിരാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന സില്‍വര്‍ ലൈന്‍ പദ്ധതി. കേരളത്തിലെ ഡാം മാനേജ്മെന്റിനെ പറ്റി വിദഗ്ധ പഠനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധവ് ഗാഡ്കില്‍ റിപ്പോര്‍ട്ടിനെതിരെ എല്‍ഡിഎഫാണ് സമരം നടത്തിയത്. ചര്‍ച്ച നടത്തണം എന്നായിരുന്നു യുഡിഎഫ് നിലപാട്. പരിസ്ഥിതിക്ക് വേണ്ടി സംസാരിക്കുമ്പോള്‍ കര്‍ഷകവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നു. ഗാഡ്കില്‍ റിപ്പോര്‍ട്ടിനെതിരെ വ്യാപക തെറ്റിദ്ധാരണ പരത്തി കര്‍ഷകരെ ഭയപ്പെടുത്തിയത് ഇടതുമുന്നണിയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.