മോന്‍സണ്‍ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം വേണം, എല്ലാ തട്ടിപ്പുകളും പുറത്തുവരണമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കേസ് രാഷ്ട്രീയ വാദപ്രതിവാദമായി മാറരുതെന്നും, അങ്ങനെ ഉണ്ടായാല്‍ യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു. മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ എല്ലാ തട്ടിപ്പുകളും പുറത്തുവരണമെന്നും സുധീരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മോന്‍സണ്‍ വിഷയം രാഷ്ട്രീയ വിവാദമാക്കി മാറ്റാന്‍ ആരും ശ്രമിക്കേണ്ടതില്ല. ഭൂലോക തട്ടിപ്പാണ് പ്രശ്നം. കുറ്റവാളി ശിക്ഷിക്കപ്പെടണം. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാകില്ല. കേരളത്തിലെ ഇന്റലിജന്‍സ് സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ് പ്രകടമാകുന്നത്. മുന്‍ ഡിജിപിയും പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ കയറിയിറങ്ങി. ഇന്റലിജന്‍സ് സംവിധാനം എന്തു ചെയ്യുകയായിരുന്നുവെന്നും വി. എം സുധീരന്‍ ചോദിച്ചു. കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.