അഞ്ജാത ശബ്ദം കേൾക്കുന്ന വീട് സന്ദർശിച്ച് മന്ത്രി എ കെ ശശീന്ദ്രൻ; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടും

കോഴിക്കോട്: അഞ്ജാത ശബ്ദം കേൾക്കുന്ന പോലൂർ സ്വദേശി ബിജുവിന്റെ വീട് സന്ദർശിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ. ചൊവ്വാഴ്ച രാവിലെ 8.30 നാണ് അദ്ദേഹം ബിജുവിന്റെ വീട്ടിലെത്തിയത്. വീടിനുള്ളിൽ നിന്ന് അഞ്ജാത ശബ്ദം കേൾക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടുമെന്ന് എ.കെ.ശശീന്ദ്രൻ അറിയിച്ചു. ആവശ്യമായ നടപടികൾ അതിവേഗം സ്വീകരിക്കുമെന്നും സംഭവം റവന്യൂ മന്ത്രിയുടെ ശ്രദ്ധയിലെത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

തിങ്കളാഴ്ച ജിയോളജി വകുപ്പ് ബിജുവിന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. അഞ്ജാത ശബ്ദം കേൾക്കുന്നത് തുടരുന്നതിനാൽ കഴിഞ്ഞ രണ്ടു ദിവസമായി അയൽവീട്ടിലാണു ബിജുവും കുടുംബവും ഉറങ്ങുന്നത്. രണ്ടാഴ്ചകൾക്ക് മുൻപാണ് ബിജുവിന്റെ വീടിനുള്ളിൽ നിന്നു മുഴക്കത്തോടെയുള്ള ശബ്ദം കേൾക്കാൻ തുടങ്ങിയത്. ആദ്യം രാത്രിയിൽ മാത്രമായിരുന്നു ഇത്തരത്തിൽ ശബ്ദം കേട്ടത്. എന്നാൽ ഇപ്പോൾ 15 മിനിറ്റ് കുടൂമ്പോൾ മുഴക്കം കേൾക്കുന്നുണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. അഞ്ജാത ശബ്ദം കാരണം വീട് പൂർണമായി ഉപേക്ഷിക്കേണ്ടി വരുമോയെന്നാണ് ബിജുവിന്റെയും കുടുംബത്തിന്റെയും ആശങ്ക.