തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാവ് പി ആർ ശ്രീജേഷ്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ശ്രീജേഷ് അദ്ദേഹത്തെ കണ്ടത്. ഒളിമ്പിക്സിൽ മെഡൽ നേടി ചരിത്രം കുറിച്ച ഇന്ത്യൻ ഹോക്കി ടീമിന്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവന അദ്ദേഹത്തിന്റേതായുണ്ട്. ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങൾ പങ്കു വയ്ക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ശ്രീജേഷിനു കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായ ശ്രീജേഷിന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് വഴുതക്കാട് ഡി പി ഐ ഓഫീസിൽ വച്ച് നൽകിയ സ്വീകരണത്തിന് മുന്നോടിയായാണ് ശ്രീജേഷ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.
വിദ്യാഭ്യാസ വകുപ്പിലെ സ്പോർട്സ് വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ശ്രീജേഷിന് ഒളിമ്പിക്സ് മെഡൽ നേട്ടത്തിനു ശേഷം ജോയിന്റ് ഡയറക്ടർ ആയി സർക്കാർ സ്ഥാനക്കയറ്റം നൽകിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്വീകരണ യോഗത്തിനു ശേഷം ശ്രീജേഷ് ജോയിന്റ് ഡയറക്ടർ ആയി സ്ഥാനം ഏറ്റെടുക്കും.

