കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറാനൊരുങ്ങുന്നു; രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തീരുമാനം !

ന്യൂഡല്‍ഹി: പ്രമുഖ സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായി കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കനയ്യ കുമാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും, രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നതില്‍ തീരുമാനമുണ്ടാകുമെന്നും, എന്നാല്‍, എന്ന്, എങ്ങനെ അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയില്ലെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കനയ്യ കുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഉന്നത തലത്തില്‍ പാര്‍ട്ടി ഗൗരവകരമായി പരിഗണിക്കുന്നുണ്ട്.

കനയ്യ കുമാര്‍ പാര്‍ട്ടിയിലേക്ക് എത്തുന്നത് യുവാക്കള്‍ക്കിടയില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. പക്ഷേ സഖ്യകക്ഷിയായ രാഷ്ടീയ ജനതാദള്‍ തീരുമാനത്തെ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിലും കോണ്‍ഗ്രസിന് ആശങ്കയുണ്ട്.