ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം അണ്ണാത്തെ സിനിമയുടെ പോസ്റ്ററില്‍ രക്താഭിഷേകം നടത്തിയതിനെതിരെ പരാതി. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ നടത്തിയ മൃഗബലിയാണ് പരാതിക്ക് ഇടയാക്കിയിരിക്കുന്നത്. അഭിഭാഷകനായ തമില്‍വേന്‍ടനാണ് തമിഴ്നാട് ഡി ജി പിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.
ആടിനെ അറുത്ത് ചോര അണ്ണാത്തെയുടെ പോസ്റ്ററില്‍ ഒഴിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദേശീയപാതയില്‍ സ്ത്രീകളെയും കുട്ടികളെയും സാക്ഷിയാക്കിയാണ് സംഭവം അരങ്ങേറിയത്. ഇതിനെതിരെ വ്യാപകമായി പരാതിയും ഉയര്‍ന്നു വന്നിരുന്നു.
എന്നാല്‍, വിഷയത്തില്‍ രജനികാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. താരം ആരാധകരുടെ പ്രവൃത്തിയെ അപലപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകന് പരാതി നല്‍കിയിരിക്കുന്നത്.

