കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഇരുപത് പേരുടെ പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു ഇതില്‍ പതിനഞ്ചെണ്ണം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും, അഞ്ചെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് പരിശോധിച്ചത്.
രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. 21 പേരുടെ പരിശോധന ഫലങ്ങള്‍ കൂടി ഇനി ലഭിക്കാനുണ്ട്. രോഗലക്ഷണങ്ങളുള്ള 17 പേരില്‍ 16 പേര്‍ക്കും നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു.
ഇതുവരെ പരിശോധിച്ച 30 പേരുടെ പരിശോധന ഫലങ്ങളും നെഗറ്റീവായി. നിലവില്‍ 68 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളത്. 42 ദിവസം നിരീക്ഷണം തുടരും. നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

