വത്തിക്കാന്‍ സിറ്റി: താലിബാനെ ഭയന്ന് രാജ്യം വിടുന്ന അഫ്ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറാകണമെന്ന് ലോകത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ. അവര്‍ക്കായി ലോകം പ്രാര്‍ത്ഥിക്കുന്നുവെന്നും, അഫ്ഗാനിലെ യുവതലമുറക്ക് വിദ്യാഭ്യാസം നല്‍കല്‍ അനിവാര്യമാണെന്നും മാര്‍പാപ്പ പറഞ്ഞു
സെന്റ്പീറ്റേഴ്സ് ബര്‍ഗില്‍ പ്രാര്‍ഥനക്കിടെ വിശ്വാസികളെ അഭിവാദ്യം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹം ഇത് സംബന്ധിച്ച് അഭിപ്രായം അറിയിച്ചത്. എന്നാല്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥനയോട് ഒരു രാജ്യവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ രൂപീകരണച്ചടങ്ങിലേക്ക് വിവിധ രാജ്യങ്ങളെ താലിബാന്‍ ക്ഷണിച്ചു. പാകിസ്താന്‍, റഷ്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയാണ് താലിബാന്‍ സര്‍ക്കാരിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. താലിബാന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച ഘട്ടങ്ങളിലും ഈ മൂന്ന് രാജ്യങ്ങളും താലിബാന് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു.
അഫ്ഗാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലും രാജ്യം വിടാതെ തങ്ങളുടെ എംബസി തുറന്ന് പ്രവര്‍ത്തിപ്പിച്ച രാജ്യങ്ങളാണ് റഷ്യയും ചൈനയും പാകിസ്താനും. ഇവര്‍ക്ക് പുറമെ തുര്‍ക്കി, ഇറാന്‍, ഖത്തര്‍ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. താലിബാന്‍ അനുകൂല ട്വിറ്റര്‍ പേജിലാണ് ഈ രാജ്യങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചതായി പറയുന്നത്.

