കാബൂള്‍: അഫ്ഗാന്‍ വികസനത്തിന് ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ്. ചൈന ആയിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളി, ചൈനയുടെ സഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറപാകും, രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് വെളിപ്പെടുത്തി.
മാത്രമല്ല, ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ താലിബാന്‍ പിന്തുണയ്ക്കുമെന്നും, പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്നതാണ് പദ്ധതി. രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു.
വന്‍തോതിലുള്ള ചെമ്പ് ശേഖരം അഫ്ഗാനിലുണ്ടെന്നും, ചൈനയുടെ സഹായത്തോടെ ചെമ്പ് ഖനികള്‍ ആധുനികവത്കരിക്കാനും പ്രവര്‍ത്തന സജ്ജമാക്കാനും കഴിയും. റഷ്യയേയും പ്രധാന പങ്കാളിയായാണ് താലിബാന്‍ കാണുന്നത്. മോസ്‌കോയുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്നും താലിബാന്‍ വക്താവ് അറിയിച്ചു..
നേരത്തെ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്ന് അധികാരം പിടിച്ചശേഷം താലിബാന്‍ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ ജനങ്ങള്‍ക്ക് അനുകൂലമായ നയങ്ങള്‍ ഇന്ത്യ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും താലിബാന്‍ വക്താവ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

