ന്യൂഡല്‍ഹി: ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസിലുണ്ടായ പരസ്യ വിഴുപ്പലക്കലിനെതിരെ മുന്നറിപ്പ് നല്കി കോണ്‍ഗ്രസ് ഹൈക്കമാന്റ്. പരസ്യ പ്രതികരണം നടത്തിയ നേതാക്കന്മാരുടെ വിവരങ്ങള്‍ അറിയിക്കാന്‍ കെപിസിസി പ്രസിഡന്റിനോട് ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയും ഇവര്‍ നേതൃത്വത്തിനെതിരായി നിലപാടെടുത്താല്‍ തിരിച്ചടിയുണ്ടായേക്കുമെന്നും ഹൈക്കമാന്റ് മുന്നറിയിപ്പ് നല്‍കിയതായി സൂചനയുണ്ട്.
ഡിസിസി അദ്ധ്യക്ഷന്മാരെ നിയമിച്ചതില്‍ മാറ്റമൊന്നും വരുത്താന്‍ ഹൈക്കമാന്റിന് താല്പര്യമില്ല, പക്ഷെ ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും ചര്‍ച്ചകള്‍ നടത്തിയേക്കാം. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പൂര്‍ണ പ്രവര്‍ത്തന സ്വതന്ത്ര്യം ഹൈക്കമാന്റ് നല്കുന്നു.
അതേസമയം താരിഖ് അന്‍വറിനെ കേരളത്തിന്റെ ചുമതലയില്‍ നിന്നും നീക്കണമെന്ന് സംസ്ഥാനത്തെ ചിലര്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആലോചനയിലേക്കൊന്നും ഹൈക്കമാന്റ് കടന്നിട്ടില്ല.
അച്ചടക്ക നടപടി പ്രഖ്യാപിച്ച നേതാക്കള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായാണ് നോട്ടീസിലുളളത്. കെ.പി അനില്‍കുമാറിനും ശിവദാസന്‍ നായര്‍ക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

