ചെന്നൈ: യുവതാരം ആര്യയുടെ പേരില്‍ വിവാഹത്തട്ടിപ്പ് നടത്തിയ പ്രതികള്‍ പിടിയിലായതോടെ ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് താരം. തുറന്നു പറയാനാകാത്ത തരത്തിലുള്ള മാനസികാഘാതമാണ് താന്‍ അനുഭവിച്ചതെന്നും തന്നെ വിശ്വസിച്ച് കൂടെ നിന്നവര്‍ക്ക് നന്ദിയെന്നും ആര്യ അറിയിച്ചു.
ജര്‍മനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ യുവതിയാണ് നടന്റെ പേരില്‍ തട്ടിപ്പിനിരയായത്. വിവാഹവാഗ്ദാനം നല്കി 70 ലക്ഷത്തോളം രൂപയാണ് യുവതിയില്‍ നിന്ന് പ്രതികള്‍ തട്ടിയെടുത്തത്. യുവതി പിന്നീട് പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു. കേസില്‍ ആര്യയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
പ്രശസ്തി മുതലെടുത്ത് ആരെങ്കിലും യുവതിയെ പറ്റിച്ചതാകാമെന്ന സാധ്യത നടന് ചൂണ്ടിക്കാണിക്കുകയും ആ രീതിയില്‍ അന്വേഷണം തുടരുകയുമായിരുന്നു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
മൂന്ന് വര്‍ഷത്തോളമാണ് നടന്റെ പേരില്‍ പ്രതികള്‍ യുവതിയെ പറ്റിച്ചത്. ഇതിനിടെയാണ് ആര്യയും നടി സയേഷയും തമ്മിലുള്ള വിവാഹം നടന്നത്. പിന്നീട് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയ യുവതി ഒടുവില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചെന്നൈ സ്വദേശികളാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്.

