അഫ്ഗാനിലെ രക്ഷാ ദൗത്യങ്ങൾക്ക് ഇന്ത്യയ്ക്ക് തുണയായത് താജിക്കിസ്താനിലെ സൈനിക വിമാനത്താവളം

ന്യൂഡൽഹി: അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതോടെ ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്ര സർക്കാർ. അഫ്ഗാനിൽ നിന്നും ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ പൗരന്മാരെ രക്ഷിക്കാൻ ഏറ്റവും അധികം സഹായിച്ചത് താജിക്കിസ്താനിലെ ഇന്ത്യയുടെ സൈനിക വിമാനത്താവളമാണ്.

ജിസ്സാർ മിലിട്ടറി എയറോഡ്രാം എന്ന ഇന്ത്യൻ വിമാനത്താവളം താജിക്കിസ്താന്റെ തലസ്ഥാനമായ ദുഷാൻബെയുടെ സമീപത്തുള്ള അയ്‌നി എന്ന ചെറിയ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയും താജിക്കിസ്ഥാനും സംയുക്തമായാണ് കഴിഞ്ഞ ഇരുപതു വർഷത്തോളമായി വിമാനത്താവളത്തിന്റെ പ്രവർത്തനം നടത്തുന്നത്.

എന്നാൽ അഫ്ഗാനിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഈ വിമാനത്താവളത്തെ കുറിച്ചും ഇതിന്റെ പ്രധാന്യത്തെ കുറിച്ചുമുള്ള ചർച്ചകൾ സജീവമായത്. കാബൂളിലെ വിമാനത്താവളത്തിൽ നിന്നും ഇന്ത്യൻ പൗരന്മാരുമായി പറന്നുയർന്ന വിമാനങ്ങൾ അയ്‌നി വിമാനത്താവളത്തിലാണ് ഇറക്കിയത്. ഇവിടെ നിന്നാണ് എയർ ഇന്ത്യയുടെ വിമാനങ്ങളിൽ യാത്രക്കാരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. കുറച്ചു സമയം കൊണ്ട് നിരവധി പേരെ അഫ്ഗാൻ മണ്ണിൽ നിന്നും രക്ഷിക്കുവാൻ ഇന്ത്യക്ക് കഴിഞ്ഞത് ഈ രീതിയിലാണ്.

2002 ലാണ് അയ്‌നി വിമാനത്താവളത്തിന്റെ നടത്തിപ്പിൽ ഇന്ത്യയും പങ്കാളികളാകുന്നത്. അയ്‌നി വിമാനത്താവളത്തിന്റെ നവീകരണത്തിനു വേണ്ടി 740.95 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചത്. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടേയും പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിന്റെയും ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഇന്നത്തെ അയ്‌നി വിമാനത്താവളം.