ന്യൂഡൽഹി: ദത്തെടുക്കൽ നിയമം കേന്ദ്രം പരിഷ്ക്കരിച്ചു. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ഇനി മുതൽ ഇന്ത്യൻ പൗരന്മാർ ഇന്ത്യയിൽ നിന്ന് ദത്തെടുത്ത കുഞ്ഞുങ്ങളെയും സംരക്ഷിക്കണമെന്നാണ് നിയമത്തിലെ നിർദ്ദേശം. ദത്തെടുത്ത ശേഷം രണ്ട് വർഷത്തിനുള്ളിൽ വിദേശത്തേക്ക് പോയാലാണ് പുതിയ നിയമം ബാധകമാവുക.
പുതുക്കിയ നിയമം സംബന്ധിച്ച വിജ്ഞാപനം ഓഗസ്റ്റ് 23 നാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. ഇതുവരെ നോൺ റെസിഡന്റ് ഇന്ത്യൻസ് (NRIs), ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (OCI) എന്നിവർ മറ്റു രാജ്യങ്ങളിൽ നിന്ന് ദത്തെടുത്ത കുട്ടികളെ സംരക്ഷിക്കേണ്ട ചുമതല മാത്രമായിരുന്നു ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കുണ്ടായിരുന്നത്. ദത്തെടുക്കൽ നിയമം പരിഷ്ക്കരിച്ചതോടെ ഇന്ത്യൻ പൗരന്മാർ ഇന്ത്യയിൽ നിന്നും ദത്തെടുത്ത കുഞ്ഞുങ്ങളെയും സംരക്ഷിക്കേണ്ട ചുമതല കൂടി വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് ലഭിച്ചു.
ഇത്തരം കുട്ടികൾക്ക് അവഗണന, ദുരുപയോഗം, ചൂഷണം തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കാണ്. ഇന്ത്യൻ രക്ഷിതാക്കൾ ഇന്ത്യയിൽ നിന്ന് തന്നെ ദത്തെടുത്ത ശേഷം പിന്നീട് വിദേശത്തേക്ക് താമസം മാറിയാൽ എന്ത് സംഭവിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു. അടുത്ത കാലത്താണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നാണ് കേന്ദ്രം ദത്തെടുക്കൽ നിയമത്തിൽ പുതിയ ഭേദഗതി കൊണ്ടുവന്നതും ഉടൻ തന്നെ നടപ്പിൽവരുത്തുകയും ചെയ്തത്. പുതിയ നിയമമനുസരിച്ച് രക്ഷിതാക്കൾ കുട്ടികളെ ദത്തെടുത്ത് രണ്ട് വർഷത്തിനുള്ളിൽ വിദേശ രാജ്യത്തേക്ക് താമസം മാറിയാൻ മേൽപറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പിൽവരുത്തുകയെന്നത് ഇന്ത്യൻ എംബസികളുടെ ഉത്തരവാദിത്വമാണ്.
ഇത്തരം രക്ഷിതാക്കൾ താമസം മാറുന്നതിന് മുൻപ് യാത്ര ചെയ്യുന്ന രാജ്യത്തെയും എത്തുന്ന രാജ്യത്തെയും സംബന്ധിച്ച വിവരം നയതന്ത്ര അധികൃതർക്ക് ചുരുങ്ങിയത് രണ്ടാഴ്ച മുൻപ് നൽകുകയും വിലാസവും ബന്ധപ്പെടാനുള്ള നമ്പറുകളും മറ്റും കൃത്യമായി എഴുതി നൽകുകയും വേണം. സെന്റ്രൽ അഡോപ്ഷൻ മിഷൻ റിസോഴ്സ് അതോറിറ്റി നടപ്പിൽവരുത്തിയ ഭേദഗതികൾ വുമൺ ആന്റ് ചൈൽഡ് ഡവലപ്മെന്റ് മന്ത്രാലയമാണ് വിജ്ഞാപനം ചെയ്തത്.
നയതന്ത്ര കാര്യാലയങ്ങൾ കുട്ടികൾ രാജ്യത്തെത്തി ആദ്യത്തെ വർഷം എല്ലാ മൂന്ന് മാസത്തെ ഇടവേളകളിലും പിന്നീട് ആറ് മാസത്തെ ഇടവേളകളിലും കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കേന്ദ്ര അധികൃതർക്ക് കൈമാറണമെന്നാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട മറ്റാവശ്യങ്ങൾക്കായി അവരെ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.
ദത്തെടുക്കൽ നിയമം ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ ഇന്ത്യയിലെ അധികൃതരെ വിവരമറിയിക്കുകയും ആവശ്യമെങ്കിൽ കുട്ടികളെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള മാർഗങ്ങൾ ഒരുക്കുകയും ചെയ്യും.