മോസ്കോ: അഫ്ഗാന് അഭയാര്‍ത്ഥികളെ വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മാത്രമേ അമേരിക്ക സ്വീകരിക്കൂ എന്ന നിലപാടിനെതിരെ പ്രതിഷേധവുമായി റഷ്യ. വിസ നടപടികള്‍ പൂര്‍ത്തിയാക്കാതെ അഫ്ഗാന് പൗരന്മാരെ കൊണ്ടു പോകാന്‍ അമേരിക്ക തയ്യാറല്ലെങ്കില്‍ എന്ത് അര്‍ത്ഥത്തിലാണ് അവരെ അഫ്ഗാന്റെ അയല്‍രാജ്യങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ചോദിച്ചു. ഇത്തരക്കാര്‍ ഭാവിയില്‍ തീവ്രവാദികളായി റഷ്യക്കു ഭീഷണിയാകില്ലെന്ന് എന്ത് ഉറപ്പാണുള്ളതെന്നും പുടിന് ആരാഞ്ഞു.
അഫ്ഗാന് താലിബാന്റെ നിയന്ത്രണത്തിലായതോടെ രാജ്യത്ത് കൂട്ടപ്പലായനമാണ് സംഭവിക്കുന്നത്. ഇത്തരത്തില്‍ പലായനം ചെയ്യുന്നവരില്‍ ഭൂരിഭാഗവും അമേരിക്കയിലേക്കും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമാണ് പോകുന്നത്.
എന്നാല്‍ വിസ നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ ഇത്തരക്കാരെ തങ്ങളുടെ രാജ്യങ്ങളിലേക്കു പ്രവേശിപ്പിക്കുവാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തയ്യാറല്ല. വിസ ഇല്ലാത്ത അഫ്ഗാന് അഭയാത്ഥികളെ തത്ക്കാലം അഫ്ഗാനിസ്ഥാന്റെ അയല്‍രാജ്യങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ പഴയ സോവിയറ്റ് റഷ്യയുടെ ഭാഗങ്ങളായ രാഷ്ട്രങ്ങളുമുണ്ട്. ഇവിടെ നിന്നും വിസാ നടപടികള്‍ കൂടാതെ റഷ്യയിലേക്ക് കടക്കാന്‍ സാധിക്കും, ഇത്തരത്തില്‍ അഫ്ഗാനില്‍ നിന്നും തീവ്രവാദികള്‍ റഷ്യയിലേക്ക് കുടിയേറുമോ എന്നതാണ് പുടിന് പ്രകടിപ്പിക്കുന്ന ആശങ്ക.

