ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തില്‍ രാജ്യത്തിന് മുന്നറിയിപ്പുമായി നീതി അയോഗ്. മൂന്നാം തരംഗമുണ്ടായാല്‍ രാജ്യത്ത് പ്രതിദിനം മൂന്ന് മുതല്‍ അഞ്ച് ലക്ഷം രോഗികള്‍ വരെയുണ്ടാകാമെന്നാണ് നീതി അയോഗ് അംഗം വി.കെ പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇതു മുന്‍നിര്‍ത്തി രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കണമെന്നും, ഇതില്‍ 1.2 ലക്ഷം കിടക്കകള്‍ വെന്റിലേറ്റര്‍ സൗകര്യമുളളതാകണമെന്നും, സെപ്തംബര്‍ മാസത്തോടെ ഈ സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും നീതി അയോഗ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ, ഏഴ് ലക്ഷം നോണ്‍ ഐസിയു കിടക്കകളും, 10 ലക്ഷം ഐസൊലേഷന്‍ കിടക്കകളും സജ്ജമാക്കണമെന്നും, നോണ്‍ ഐസിയു കിടക്കകളില്‍ അഞ്ച് ലക്ഷത്തിനും ഓക്സിജന്‍ സൗകര്യം വേണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
മൂന്നാം തരംഗമുണ്ടായാല്‍ കോവിഡ് രോഗികളില്‍ 100ല്‍ 23 പേരെ വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നേക്കാമെന്നാണ് നീതി അയോഗ് നല്‍കുന്ന മുന്നറിയിപ്പ്.

