കാബൂൾ: അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 85 ഇന്ത്യക്കാരുമായി കാബൂൾ വിമാനത്താവളത്തിൽ നിന്നും വിമാനം പുറപ്പെട്ടു. വ്യോമസേനയുടെ സി-130 ജെ വിമാനമാണ് കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. താജിക്കിസ്താനിൽ ഇറങ്ങിയാണ് വിമാനം ഇന്ധനം നിറച്ചത്. വ്യോമസേനയുടെ മറ്റൊരു വിമാനവും രക്ഷാദൗത്യത്തിനായി കാബൂൾ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.
വിമാനത്താവളത്തിന് പുറത്ത് 280 ഓളം ഇന്ത്യക്കാർ വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാൻ എത്തിയ ഇവരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നാണ് വിവരം.
കാബൂളിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്. നിലവിൽ കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണ ചുമതല അമേരിക്കൻ സൈന്യത്തിനാണ്.

