ന്യൂഡൽഹി: കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്നു പ്രതിനിധികളെ ഒഴിപ്പിക്കേണ്ട ആവശ്യമില്ലെന്ന് താലിബാൻ വ്യക്തമാക്കിയതായി റിപ്പോർട്ട്. താലിബാന്റെ ഖത്തർ ഓഫീസിൽ നിന്നും ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലഷ്‌കർ, ജെയ്ഷ എന്നീ സംഘടനകളിൽ നിന്നും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് താലിബാൻ ഉറപ്പു നൽകിയതായാണ് വിവരം. എംബംസിയിൽ നിന്നും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കേണ്ടതില്ലെന്ന് അറിയിച്ച് താലിബാന്റെ പൊളിറ്റിക്കൽ ഘടകം അധ്യക്ഷൻ അബ്ബാസ് സ്റ്റാനിക്‌സായുടെ ഓഫിസിൽ നിന്നാണ് കേന്ദ്ര സർക്കാരിന് സന്ദേശം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.
രണ്ടു ഇന്ത്യൻ വ്യോമസേന വിമാനങ്ങളിലായി എംബസി ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാനിൽ നിന്നും ഇന്ത്യയിലെത്തിച്ചിരുന്നു. എന്നാൽ കാബൂളിലും മറ്റ് അഫ്ഗാൻ നഗരങ്ങളിലുമായി ഇന്ത്യൻ പൗരന്മാർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
അതേസമയം അഫ്ഗാനിസ്താനിലെ ഇന്ത്യൻ എംബസികളിൽ താലിബാൻ കടന്നുകയറി പരിശോധന നടത്തിയതായുളള റിപ്പോർട്ട് പുറത്തുവന്നിരുന്നു. കാണ്ഡഹാർ, ഹെറാത് എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിലാണ് താലിബാൻ ഭീകരർ പരിശോധന നടത്തിയത്. അലമാരകളിൽ രേഖകൾക്കായി തിരച്ചിൽ നടത്തിയ സംഘം രണ്ടുകോൺസുലേറ്റിലും നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കടത്തിക്കൊണ്ടുപോയ എന്ന തരത്തിലുള്ള വാർത്തകളും പുറത്തു വന്നിരുന്നു. നാല് ഇന്ത്യൻ കോൺസുലേറ്റുകളാണ് അഫ്ഗാനിസ്താനിൽ പ്രവർത്തിച്ചിരുന്നത്. താലിബാൻ നിയന്ത്രണം പിടിച്ചെടുക്കുന്നതിന് മുൻപ് തന്നെ ഇന്ത്യ കോൺസലേറ്റുകൾ അടച്ചുപൂട്ടിയിരുന്നു. എന്നാൽ കാബൂളിലെ എംബസി ഇതുവരെ ഔദ്യോഗികമായി അടച്ചിട്ടില്ല.

