ലക്നൗ: താലിബാനെ ന്യായീകരിച്ച് സമാജ്‌വാദി പാർട്ടി നേതാവ്. സമാജ്‌വാദി പാർട്ടി എം.പി ഷഫിഖുർ റഹ്മാൻ ബറാക്കാണ് താലിബാനെ ന്യായീകരിച്ച് പരാമർശം നടത്തിയത്. ഇയാൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. ബി.ജെ.പി നേതാവായ രാജേഷ് സിംഗാളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത താലിബാൻ പോരാട്ടത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായാണ് ഷഫിഖുർ റഹ്മാൻ ബറാക്ക് താരതമ്യപ്പെട്ടുത്തിയത്. താലിബാന്റെ വിജയം ആഘോഷിക്കാനും ഇയാൾ ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം താലിബാൻ ഭീകരസംഘടനയാണെന്നും അതിനാലാണ് എം.പിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും പോലീസ് അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ സ്വയംഭരണം ഏർപ്പെടുത്താനാണ് താലിബാൻ ആഗ്രഹിക്കുന്നതെന്നും ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യ സ്വാതന്ത്ര്യത്തിനായി പോരാടിയതു പോലെയാണ് താലിബാൻ അഫ്ഗാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതെന്നും ഷഫിഖുർ റഹ്മാൻ പറഞ്ഞിരുന്നു. താലിബാനെ പിന്തുണച്ച് കമന്റുകൾ പോസ്റ്റ് ചെയ്ത ഫൈസാൻ ചൗധരി, മുഹമ്മദ് മുഖീം തുടങ്ങിയവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കി.

