കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു; നികത്താന്‍ കഴിയാത്ത ശൂന്യതയെന്ന് പി ടി ഉഷ

വടകര: കായിക പരിശീലകന്‍ ഒ. എം നമ്പ്യാര്‍ (90) അന്തരിച്ചു. ഒളിംപ്യന്‍ പി ടി ഉഷയടക്കം നിരവധി പേര്‍ക്ക് പരിശീലനം നല്‍കിയ വ്യക്തിയാണ് ഒ.എം നമ്പ്യാര്‍. വടകര മണിയൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

രാജ്യത്തെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ അദ്ദേഹത്തിന് പദ്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട്.

ദീര്‍ഘ നാളുകളായി രോഗബാധിതനായി കിടപ്പിലായിരുന്നു. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ 1976-ലാണ് നമ്പ്യാര്‍ ചുമതലയേറ്റത്. സ്‌പോര്‍ട്‌സ് ഡിവിഷനിലേക്ക് തിരുവനന്തപുരത്ത് നടന്ന സെലക്ഷനിടെയാണ് പി.ടി ഉഷയെ ഒ.എം നമ്പ്യാര്‍ കണ്ടെത്തുന്നത്. പിന്നീടുള്ള നമ്പ്യാരുടെ ജീവിതകഥ പി.ടി ഉഷയുടെ വിജയകഥയാണ്.

മാത്രമല്ല 1990-ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങല്‍ പ്രഖ്യാപിക്കും വരെ ആ ഗുരു-ശിഷ്യ ബന്ധം നീണ്ടു.

അതേസമയം, കോച്ചും വഴികാട്ടിയുമായിരുന്ന ഒ.എം. നമ്പ്യാറിന്റെ അഭാവം ഒരിക്കലും നികത്താന്‍ കഴിയാത്ത ശൂന്യതയായി അവശേഷിക്കുമെന്ന് പി.ടി. ഉഷ ട്വിറ്ററില്‍ കുറിച്ചു. കരിയറില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ വാക്കുകളിലൂടെ പ്രകടിപ്പക്കാനാകില്ല. ഗുരുവിനു കൂപ്പുകൈകളോടെ പ്രണാമം അര്‍പ്പിക്കുന്നതായും ഉഷ കുറിച്ചു.