കാബൂൾ: താലിബാൻ അഫ്ഗാന്റെ നിയന്ത്രണം കയ്യടക്കിയതിന് പിന്നാലെ സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി രാജ്യത്ത് നിന്നും ജനങ്ങൾ പലായനം ചെയ്യുന്ന കാഴ്ച്ചയാണ് പുറത്തു വരുന്നത്. എങ്ങനെയെങ്കിലും രാജ്യത്ത് നിന്നും പുറത്തു കടക്കാനായി വിമാനത്താവങ്ങളിലേക്ക് കൂട്ടമായി എത്തുകയാണ് ജനങ്ങൾ. വിമാനങ്ങളിൽ തിങ്ങികൂടിയാണ് ജനങ്ങൾ രക്ഷപ്പെടുന്നത്. ജനങ്ങളെ ഒഴിപ്പിക്കാനായി കാബൂൾ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തിൽ 640 പേരാണ് തങ്ങിക്കൂടിയത്. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ നിന്ന് ചിലർ താഴേക്ക് പതിക്കുന്നതിന്റേയും വിമാനത്തിൽ തൂങ്ങി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വാർത്തകളും പുറത്തു വന്നിരുന്നു.
കാബൂളിൽ നിന്നും രക്ഷപ്പെടാനായി അമേരിക്കൻ സൈനികരോട് അഭ്യർത്ഥിക്കുന്ന അഫ്ഗാനികളുടെ ദൃശങ്ങളും പുറത്തു വന്നിട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിൽ മുള്ളുവേലിക്കും ഗേറ്റിനുമപ്പുറം നിന്ന് യുഎസ്, യു.കെ സൈനികരോട് സഹായത്തിനായി നിലവിളിക്കുകയാണ് ഇവർ.
രക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുള്ളുവേലിക്ക് അപ്പുറത്തേക്ക് കുട്ടികളെ എറിഞ്ഞുകൊടുക്കുന്ന സ്ത്രീകളെ കാണുന്ന തങ്ങളുടെ സൈനികർ രാത്രിയിൽ എങ്ങനെ കരയാതിരിക്കുമെന്ന് മുതിർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ചോദിക്കുന്നതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭയാനകമായ കാഴ്ച്ചകളാണ് അഫ്ഗാനിൽ നിന്നും പുറത്തു വരുന്നത്. സ്ത്രീകൾ തങ്ങളുടെ കുഞ്ഞുങ്ങളെ പട്ടാളക്കാരോട് പിടിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുള്ളുകമ്പിക്ക് മുകളിൽ എറിയുകയായിരുന്നുവെന്നും ചിലർ മുള്ളുകമ്പിയിൽ കുടുങ്ങിയെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഗേറ്റിന് പുറത്ത് നിന്ന് സ്ത്രീകൾ സഹായത്തിനായി കരയുന്നതും സൈന്യത്തോട് അകത്തേക്ക് പ്രവേശിപ്പിക്കാൻ അപേക്ഷിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ‘ഞങ്ങളെ സഹായിക്കൂ, താലിബാൻ വരുന്നു’ എന്ന് സ്ത്രീകൾ നിലവിളിക്കുന്നത് വീഡിയോയിലുണ്ട്. വിമാനത്താവള ഗേറ്റിലേക്കുള്ള വരിയിൽ കാത്തുനിൽക്കവേ താലിബാൻ ഭീകരരിൽ ഒരാൾ തനിക്ക് നേരെ വെടിയുതിർത്തതായി ഓസ്ട്രിയൻ സൈന്യത്തിൽ ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഒരാൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം രാജ്യംവിടുന്ന അഫ്ഗാൻ പൗരന്മാർക്കായി ബ്രിട്ടൻ, കാനഡ, ജർമനി തുടങ്ങിയ രാജ്യങ്ങൾ അതിർത്തി തുറന്നിട്ടുണ്ട്. അഞ്ചു വർഷത്തെ പുനരധിവാസ പദ്ധതി പ്രകാരം 20,000 അഫ്ഗാനികൾക്ക് അഭയം നൽകുമെന്ന് ബ്രിട്ടൻ അറിയിച്ചു. എന്നാൽ ഓസ്ട്രേലിയ, ഉസ്ബെക്കിസ്താൻ അടക്കമുള്ള രാജ്യങ്ങൾ അഭയാർഥികളെ സ്വീകരിക്കുന്നതിൽ വിമുഖത അറിയിച്ചും രംഗത്തെത്തിയിട്ടുണ്ട്.

