ന്യൂഡല്‍ഹി: നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ (എന്‍ ഡി എ) പ്രവേശന പരീക്ഷ എഴുതാന്‍ സ്ത്രീകളെയും അനുവദിക്കണമെന്ന് സുപ്രീം കോടതി. സെപ്തംബര്‍ അഞ്ചിനാണ് പരീക്ഷ നടത്തപ്പെടുന്നത് നിശ്ചയിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിനെയും സൈന്യത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച സുപ്രീം കോടതി കേന്ദ്രത്തിന്റെ മാനസികാവസ്ഥ ശരിയായ രീതിയില്‍ അല്ലാത്തതിനാലാണ് സ്ത്രീകള്‍ക്ക് എന്‍ ഡി എയില്‍ പ്രവേശനം നല്‍കാത്തതെന്ന് കുറ്റപ്പെടുത്തി. കോടതിയുടെ ഈ നിര്‍ദേശം സൈന്യത്തിനുള്ള മുന്നറിയിപ്പ് കൂടിയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ സഞ്ജയ് കിഷണ്‍ കൗള്‍, ഋഷികേഷ് റോയ് എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹര്‍ജിയില്‍ വാദം കേട്ട് ഇടക്കാല ഉത്തരവിട്ടത്.
കോടതി നിര്‍ദേശത്തില്‍ മാറാന്‍ നിര്‍ബന്ധിതരാകുന്നതിനുപകരം സൈന്യം തന്നെ മുന്‍കൈ എടുത്ത് മാറ്റങ്ങള്‍ വരുത്തണമെന്നും കോടതി പറഞ്ഞു. ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സൈന്യം അപ്രകാരം ചെയ്യുമെന്ന് പ്രത്യാശിക്കുന്നതായും കോടതി വ്യക്തമാക്കി.
അതേസമയം എന്‍ ഡി എയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കേണ്ടെന്ന തങ്ങളുടെ നയം വിവേചനപരമല്ലെന്നും സ്ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

