ഗാന്ധിജി ബ്രിട്ടനോട് ഇന്ത്യ വിടാൻ ആഹ്വാനം ചെയ്ത ദിനം

ഗാന്ധിജി ബ്രിട്ടനോട് ഇന്ത്യ വിടാൻ ആഹ്വാനം

ഇന്ന് ഓഗസ്റ്റ് 09 ക്വിറ്റ് ഇന്ത്യ ദിനം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ബഹുജന പ്രക്ഷോഭമാണ് ക്വിറ്റിന്ത്യാ സമരം. ഓഗസ്റ്റ് വിപ്ലവം എന്നും ഇതിനു പേരുണ്ട്. 1942 മാര്‍ച്ച് ആദ്യം ഗാന്ധിജി ‘ഹരിജന്‍’ വാരികയിലെഴുതിയ ലേഖനത്തില്‍ ബ്രിട്ടനോട് ഇന്ത്യ വിടാൻ ആഹ്വാനം ചെയ്തതോടെ ക്വിറ്റിന്ത്യാ സമരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി എന്ന് പറയാം. 1942 ഓഗസ്റ്റ് 7, 8 തീയതികളില്‍ ബോംബെയിലെ മലബാര്‍ ഹില്ലില്‍ ഗാന്ധിജിയുടെ സാന്നിധ്യത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേര്‍ന്നു. മൗലാനാ ആസാദിന്റെ അധ്യക്ഷതയില്‍ നടന്ന ഈ യോഗത്തില്‍ ബ്രിട്ടീഷുകാരോട് ഇന്ത്യ വിടാനാവശ്യപ്പെടുന്ന ‘ക്വിറ്റ് ഇന്ത്യാ’ പ്രമേയം ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിക്കുകയും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പിന്താങ്ങുകയും ചെയ്തു. ‘ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക’ എന്ന അര്‍ഥത്തില്‍ ‘ക്വിറ്റ് ഇന്ത്യ’ മുദ്രാവാക്യവുമായി സമരത്തിനു ഗാന്ധിജി ആഹ്വാനം നല്‍കി. സമര പ്രഖ്യാപനം വന്ന ഓഗസ്റ്റ് 8 അര്‍ധരാത്രിയ്ക്ക് മുമ്പ് തന്നെ ഗാന്ധിജി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെയെല്ലാം ബ്രിട്ടീഷ് ഗവണ്മെന്റ് അറസ്റ്റുചെയ്തു തുറുങ്കിലടച്ചു. 1942 ഓഗസ്റ്റ് 9 മുതല്‍ ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങി. ജനങ്ങള്‍ സമരം ഏറ്റെടുത്തു.”പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക (ഡു ഓര്‍ ഡൈ) എന്ന ഗാന്ധിജിയുടെ ആഹ്വാനം ജനകോടികളെ ആവേശം കൊള്ളിച്ചു. പൊലീസും പട്ടാളവും രാജ്യത്താകെ ഭീകരമര്‍ദ്ദനം അഴിച്ചുവിട്ടു. വെടിവയ്പും കണ്ണീര്‍വാതക പ്രയോഗവും മിക്കയിടത്തും നടത്തി. വിമാനത്തില്‍ നിന്നുള്ള വെടിവയ്പുകളുമുണ്ടായി. സഹികെട്ട ജനങ്ങള്‍ റയില്‍വേകള്‍ നശിപ്പിച്ചു, വണ്ടികള്‍ ആക്രമിച്ചു, സര്‍ക്കാര്‍ ഓഫീസുകള്‍ കത്തിച്ചു, ഗവണ്‍മെന്റ് സ്വത്തുക്കള്‍ നശിപ്പിച്ചു, ടെലിഫോണ്‍ കമ്പികള്‍ മുറിച്ചു, പാലങ്ങള്‍ പൊളിച്ചു, ഹര്‍ത്താലുകളും പ്രകടനങ്ങളും പൊതുയോഗങ്ങളും സാധാരണമായി. ജനങ്ങള്‍ എല്ലാ സമരമാര്‍ഗങ്ങളും ഉപയോഗിച്ചു. വിദ്യാര്‍ഥികളും യുവജനങ്ങളും തൊഴിലാളികളും തെരുവിലിറങ്ങി. പല സ്ഥലങ്ങളിലായി പൊലീസും പട്ടാളവും ചേര്‍ന്നു 538 പ്രാവശ്യം വെടിവച്ചു. വെടിവയ്പില്‍ മാത്രം 940 പേര്‍ മരിച്ചു. രാജ്യത്തൊട്ടാകെ ഏകദേശം 25000 ല്‍ അധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 60,000 ലേറെ പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.
ഇന്ത്യാക്കാരുടെ ഐക്യവും പോരാട്ടവീര്യവും ബ്രിട്ടീഷ് ഭരണകൂടത്തിനെ ബോധ്യപ്പെടുത്താന്‍ ഈ സമരം ഉപകരിച്ചു എന്നത് സത്യമാണ്. മൂന്നു വര്‍ഷത്തിനകം ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിക്കപ്പെട്ടതും ക്വിറ്റിന്ത്യാ സമരത്തിന്റെ ഫലമായിട്ടായിരുന്നു.