കോഴിക്കോട്: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനൊപ്പമുള്ള ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്കെതിരെ പ്രതികരണവുമായി പി ടി ഉഷ. മോഹൻ ഭാഗവതിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിൽ രാഷ്ട്രീയമില്ലെന്നും സ്പോർട്സ് മാത്രമാണ് തന്റെ രാഷ്ട്രീയമെന്നും പി ടി ഉഷ വ്യക്തമാക്കി. പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പിടി ഉഷ പറഞ്ഞു.
നാഗ്പുരിൽ നടന്ന ഇന്ത്യാസ് ഇന്റർനാഷണൽ മൂവ്മെന്റ് ടു യുണൈറ്റഡ് നേഷൻസ് (ഐഐഎംയുഎൻ) എന്ന പരിപാടിക്കിടെ എടുത്ത ചിത്രമാണിത്. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും ലോകത്തിന് കാട്ടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. കോൺഗ്രസ് നേതാവ് ശശി തരൂർ, മുൻ കേന്ദ്ര മന്ത്രി സുരേഷ് പ്രഭു, മോഹൻ ഭാഗവത് തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു. മോഹൻ ഭാഗവതിന്റെ കൂടെ മാത്രമല്ല, മറ്റുള്ളവർക്കൊപ്പവും ചിത്രം എടുത്തിരുന്നുവെന്നും ഒരുവിധത്തിലുള്ള രാഷ്ട്രീയ ചർച്ചയും ഈ കൂടിക്കാഴ്ചയിൽ ഉണ്ടായിട്ടില്ലെന്നും പി ടി ഉഷ കൂട്ടിച്ചേർത്തു.
താൻ ദിവസവും നിരവധി പേരെ കാണുന്നുണ്ട്. അതൊക്കെ രാഷ്ട്രീയം സംസാരിക്കാനല്ല. ഇത്തരം വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നത് ഒട്ടും ശരിയായ നടപടിയല്ല. തന്നെ അപമാനിക്കലാണിത്. തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ മനഃപൂർവമുള്ള ശ്രമം ഉണ്ടായിട്ടുണ്ടെന്നാണ് പി ടി ഉഷയുടെ ആരോപണം. ‘ഏകഭാരതം, ശ്രേഷ്ഠ ഭാരതം, നന്ദി മോഹൻ ഭാഗവത്’ എന്ന ക്യാപ്ഷനോടെയാണ് പി ടി ഉഷ ചിത്രം പങ്കുവെച്ചിരുന്നത്. ചിത്രത്തിന് താഴെ ചിലർ രൂക്ഷമായ കമന്റുകളുമായി എത്തി. ‘പയ്യോളി എക്സ്പ്രസ് പാളം തെറ്റി’, ‘ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ് നഷ്ടപ്പെടാനുള്ള അടുത്ത പ്രമുഖ സ്ഥാനാർത്ഥി’ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടത്.

