തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കേരളത്തിന് കൂടുതൽ വാക്സിൻ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായും ആരോഗ്യമന്ത്രി വീണാ ജോർജുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
കേരളത്തിന് ഘട്ടംഘട്ടമായി വാക്സിൻ ലഭ്യത ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. രാജ്യം വാക്സിൻ ഉത്പാദനം വർദ്ധിപ്പിച്ചതിനാൽ കേരളത്തിന് ആവശ്യമുള്ള വാക്സിൻ നൽകാനാകുമെന്ന് അദ്ദേഹം അറിയിച്ചു. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേക്ക് കേരളത്തിന് ഒരു കോടി 11 ലക്ഷം വാക്സിനെങ്കിലും അനുവദിക്കണമെന്നായിരുന്നു കൂടിക്കാഴ്ച്ചയിൽ കേരളം ആവശ്യപ്പെട്ടിരുന്നത്.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കൂടിക്കാഴ്ച്ചയിൽ കേന്ദ്ര ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. അതേസമയം കോൺടാക്സ് ട്രേസിങ്ങിൽ കേരളം കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദ്ദേശം നൽകി. വൈറസ് വ്യാപനത്തെ ചെറുക്കുന്ന നടപടികൾ ഊർജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ ഒരാൾക്ക് കോവിഡ് വൈറസ് ബാധിച്ചാൽ സുഹൃത്തുക്കളിലേക്കും സഹപ്രവർത്തകരിലേക്കും വരെ രോഗം വ്യാപിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ ബന്ധുക്കളിലേക്കു മാത്രമായി രോഗവ്യാപനം ചുരുക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. വാക്സിനേഷനിൽ കേരളം രാജ്യ ശരാശരിയേക്കാൾ മുന്നിലാണെന്നും കേരളത്തിലെ കോവിഡ് മരണ നിരക്ക് കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓണത്തിന് സംസ്ഥാനം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നൽകി.

