സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സംഘത്തിന്റെ പ്രവര്‍ത്തനം രാജ്യവ്യാപകമായി, അന്വേഷണം ഊര്‍ജ്ജിതമാക്കി !

എറണാകുളം: സംസ്ഥാനത്ത് പിടിയിലായ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സംഘം രാജ്യവ്യാപകമായി പ്രവര്‍ത്തനം നടത്തിയിരുന്നതായി കണ്ടെത്തല്‍. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം, കൊരട്ടി, കൊച്ചി എന്നിവിടങ്ങള്‍ക്ക് പുറമേ, ഡല്‍ഹി, നോയിഡ, ഹൈദരാബാദ്, ബെംഗളൂരു, എന്നിവിടങ്ങളിലെല്ലാം സമാന്തര എക്‌സ്‌ചേഞ്ചുകള്‍ സ്ഥാപിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിശ്ചിത നിരക്ക് ഈടാക്കി ട്രാക്ക് ചെയ്യപ്പെടാതെ മൊബൈല്‍ ഫോണിലേക്ക് വിളിക്കുവാന്‍ 2010 മുതല്‍ പ്രതികള്‍ സൗകര്യമൊരുക്കി നല്‍കിയിരുന്നുവെന്നും, 2015 മുതല്‍ പ്രവര്‍ത്തനം വിപുലമാക്കിയെന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളാ ക്രൈംബ്രാഞ്ചില്‍ നിന്ന് നേരിട്ട് അന്വേഷണ വിവരങ്ങള്‍ ശേഖരിച്ചു. ബെംഗളൂരുവിലെയും മൈസൂരിലെയും കേസില്‍ അറസ്റ്റിലായ പ്രതികളെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. മാത്രമല്ല, സൈബര്‍ തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കയച്ചിട്ടുമുണ്ട്.