ന്യൂഡല്‍ഹി: അമേരിക്കന്‍ വാക്സിന് നിര്‍മാതാക്കളായ നോവവാക്സ് വികസിപ്പിച്ചെടുത്ത കോവോവാക്സ് വാക്സിന് ഒക്ടോബറോടെ രാജ്യത്ത് നല്കി തുടങ്ങാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാര്‍ പുനാവാല. കുട്ടികള്‍ക്കു വേണ്ടിയുള്ള വാക്സിന് അടുത്ത വര്‍ഷം ആദ്യവും പുറത്തിറക്കാനാകുമെന്ന് പൂനാവാല പറഞ്ഞു.
ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരം ലഭ്യമായാല്‍ കോവോവാക്സ് വാക്സിന് ഒക്ടോബറോടെ രാജ്യത്ത് പുറത്തിറക്കാമെന്നും, കുട്ടികള്‍ക്കുള്ള വാക്സിന് അടുത്ത വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പുറത്തിറക്കാന്‍ സാധിച്ചേക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പൂനാവാല മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
കോവോവാക്സിനും രണ്ടു ഡോസായിരിക്കുമെന്നും വില പിന്നീട് നിശ്ചയിക്കുമെന്നും പൂനാവാല പറഞ്ഞു. മാത്രമല്ല, സര്‍ക്കാര്‍ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പൂനാവാല വ്യക്തമാക്കി. കോവിഡിനെതിരെ 90 ശതമാനത്തിലധികമാണ് കോവോവാക്സ് ഫലപ്രാപ്തി തെളിയിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

