വിസ്മയ കേസ്; പ്രതി കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരണപ്പെട്ട വിസ്മയയുടെ ഭര്‍ത്താവും പ്രതിയുമായ കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടറായ കിരണിനെ പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്.

കിരണിന് പെന്‍ഷന്‍ പോലും നല്‍കില്ലെന്നും, സ്ത്രീധനത്തെ ചൊല്ലിയുടെ പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണെന്നും മന്ത്രി പറഞ്ഞു. കേരള സിവില്‍ സര്‍വീസ് റൂള്‍സ് 1960 പ്രകാരമാണ് കിരണിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

കിരണിന്റേത് സ്ത്രീ വിരുദ്ധ പ്രവൃത്തിയും, സാമൂഹ്യവിരുദ്ധവും, ലിംഗനീതിക്ക് നിരക്കാത്തതുമായ ഗുരുതരമായ നിയമലംഘനമാണെന്നും, സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തിനെതിരേ ശക്തമായ നടപടി കൈക്കൊള്ളുന്ന ഗവണ്‍മെന്റാണിതെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിലും പുറത്തും വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് പിരിച്ചുവിടുന്നത് അത്യപൂര്‍വ നടപടിയാണ്, കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കില്ല. മാത്രമല്ല, പിരിച്ചുവിട്ടതിനാല്‍ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ഇനി കിരണിന് ലഭിക്കില്ല.

ജൂണ്‍ 21നാണ് കൊല്ലം ശൂരനാട്ടുളള ഭര്‍ത്തൃവീട്ടില്‍ മരിച്ചനിലയില്‍ വിസ്മയയെ(24) കണ്ടെത്തിയത്. വിസ്മയയുടെ മരണം കൊലപാതകമാണെന്നും ഭര്‍ത്താവും ഭര്‍തൃമാതാവും വിസ്മയയെ മര്‍ദ്ദിച്ചിരുന്നതായും അന്നുതന്നെ വിസ്മയയുടെ മാതാപിതാക്കളും സഹോദരനും ആരോപിച്ചിരുന്നു.