മെസ്സി ബാഴ്‌സയുടെ ബൂട്ടഴിച്ചു; രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധത്തിന് ഫുള്‍സ്റ്റോപ്പ് !

മാഡ്രിഡ്: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി ടീം വിടുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. ബാഴ്സലോണയുടെ വെബ്സൈറ്റ് പോസ്റ്റിലാണ് മെസ്സി ടീം വിടുന്നതില്‍ ക്ലബ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയത്.

കരാര്‍ പുതുക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയിലും തീരുമാനമായില്ലെന്നും, സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ കാരണം കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ക്ലബ് വിടുകയാണെന്നും ബാഴ്സലോണ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചാണ് മെസ്സി ബാഴ്സ വിടുന്നത്, ബാഴ്സലോണയുടെ പുരോഗതിയില്‍ മെസ്സി നല്‍കിയ സംഭാവനയ്ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നു, എല്ലാ ആശംസകളും നേരുന്നതായും വാര്‍ത്താക്കുറിപ്പില്‍ എഫ് സി ബാഴ്സലോണ കൂട്ടിച്ചേര്‍ത്തു.

ബാഴ്സയുടെ കുപ്പായത്തില്‍ 778 മത്സരങ്ങള്‍ക്കായാണ് മെസ്സി കളത്തിലിറങ്ങിയത്, 672 ഗോളുകളും ബാഴ്സയ്ക്കായി താരം നേടി. ബോര്‍ഡുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ മെസി നേരത്തെ ക്ലബ് വിടാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടി ജോസപ് ബാര്‍തോമ്യു പ്രസിഡന്റായ ബോര്‍ഡ് മെസിയെ ക്ലബില്‍ നിലനിര്‍ത്തുകയായിരുന്നു.