ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റോഡുകളില്‍ മുന്‍പന്‍ ഇനി ഇന്ത്യയില്‍. കിഴക്കന്‍ ലഡാക്കില്‍ ഉം ലിങ് ലാ ചുരത്തിലൂടെ നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡാണ് ആകാശംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് 19,300 അടി ഉയരത്തിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്.
എവറസ്റ്റ് കൊടുമുടിയിലേക്കുള്ള പാതകളിലെ ബേസ് ക്യാമ്പുകളേക്കാള്‍ ഉയരത്തിലാണ് ഉം ലിങ് ലാ ചുരത്തിലൂടെയുള്ള റോഡ്. നേപ്പാളിലെ ബേസ് ക്യാമ്പ് 17,598 അടി ഉയരത്തിലാണ്, ടിബറ്റിലേത് 16,900 അടി ഉയരത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.
മൈനസ് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്ന അന്തരീക്ഷ താപനിലയില്‍, ഓക്സിജന്‍ അളവ് സാധാരണ ഇടങ്ങളിലേക്കാള്‍ പകുതി മാത്രമുള്ള സ്ഥലത്തുകൂടിയാണ് ബി.ആര്‍.ഒ. 52 കി.മീ. ദൈര്‍ഘ്യമുള്ള റോഡ് പൂര്‍ത്തിയാക്കിയത്. കിഴക്കന്‍ ലഡാക്കിലെ ചുമാര്‍ സെക്ടറിലേക്കാണു റോഡ് വന്നെത്തുന്നത്. റോഡ് മാര്‍ഗ്ഗം ലാ ലേയില്‍ നിന്നു ചിസുംലെയിലേക്കും ദെംചോക്കിലേക്കുമുളള യാത്രയും എളുപ്പമാകും.
പുതിയ റോഡിന്റെ വരവോടെ മികച്ച ടൂറിസം സാധ്യതകള്‍ക്ക് കൂടിയാണ് വഴി തുറന്നിരിക്കുന്നത്. മാത്രമല്ല, ഇന്ത്യന്‍ പ്രതിരോധ രംഗത്തും നിര്‍ണായ പ്രാധാന്യം വഹിക്കുവാന്‍ ഉം ലിങ് ലാ ചുരത്തിലൂടെയുള്ള റോഡിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

