ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ പുഷ്പ റിലീസിന് ഒരുങ്ങുന്നു. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് റിലീസിന് ഒരുങ്ങുന്നത്. ഈ വര്‍ഷം ഡിസംബറില്‍ തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ അല്ലു അര്‍ജുന്‍ നായകനും ഫഹദ് ഫാസില്‍ വില്ലനുമായെത്തുന്നു എന്നത് മലയാളി പ്രേക്ഷകരെയാകെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസറിന് ലഭിച്ച റെക്കോര്‍ഡ് നേട്ടം തന്നെ അതിന് ഉദാഹരണമാണ്.
ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ മലയാളികളുടെ യൂത്ത് സ്റ്റാര്‍ ആക്കി മാറ്റിയ സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അല്ലുവിന്റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. അഴിമതിക്കാരനായ പോലീസുകാരന്റെ വേഷമാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.
ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും റിലീസുണ്ട്. മൈത്രി മൂവി മേക്കേഴ്‌സും മുറ്റംസെട്ടി മീഡിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.

