ജലീലിനെ പോലെ നാണംകെട്ട് ശിവന്‍കുട്ടി പുറത്ത് പോകേണ്ടിവരും; മുരളീധരന്‍

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജിവയ്ക്കാത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം പി കെ.മുരളീധരന്‍. ഇപ്പോള്‍ രാജിവച്ചില്ലെങ്കില്‍ കോടതി ശിക്ഷാവിധിക്ക് ശേഷം മന്ത്രിക്ക് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

കോടതിയില്‍ ശിക്ഷവിധിക്കുന്നത് ജഡ്ജിയുടെ അധികാരമാണെന്നും, എന്നാല്‍ രണ്ട് കൊല്ലത്തില്‍ കൂടുതല്‍ ശിക്ഷിച്ചാല്‍ ശിവന്‍കുട്ടിയുടെ എംഎല്‍എ സ്ഥാനം പോകും, അതില്‍ കുറവാണെങ്കിലും മന്ത്രിസ്ഥാനം രാജിവക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല, രാജിവയ്ക്കാതെ അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച കെ.ടി ജലീലിനെ പോലെ നാണംകെട്ട് പുറത്ത് പോകാതിരിക്കാന്‍ ശിവന്‍കുട്ടി ഉടന്‍ രാജിവയ്ക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ഇപ്പോള്‍ രാജിവച്ചാല്‍ ധാര്‍മ്മികതയുടെ പേരെങ്കിലും പറയാം, എന്നാല്‍ കോടതി ശിക്ഷിച്ച ശേഷം പുറത്തുപോകുമ്പോള്‍ സര്‍ക്കാരിന്റെ മുഖം കൂടി വികൃതമാകുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.