ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യൻ സംഘത്തിന്റെ സ്പോൺസർമാരിലൊരാളായി അമൂൽ. സാധാരണക്കാരായ ക്ഷീരകർഷകരെ ഒരു രാജ്യത്തിന്റെ ഒളിംപിക് ടീമിനെ സ്പോൺസർ ചെയ്യുന്ന സ്ഥിതിയിലേക്കു ഉയർത്തുന്ന വിധം ഇന്ത്യയിലെ ക്ഷീരവ്യവസായത്തിന്റെ മുഖം മാറ്റിയിരിക്കുകയാണ് അമൂൽ. 2016 ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തെ സ്പോൺസർ ചെയ്തതും അമൂൽ തന്നെയാണ്.
ഇന്ത്യയിലെ ക്ഷീരോൽപാദക സഹകരണസംഘ പ്രസ്ഥാനമാണ് അമൂൽ. 2.6 മില്ല്യൻ വരുന്ന ക്ഷീരോൽപാദകരുടെ കൂട്ടുസംരംഭമാണിത്. ഡോ വർഗീസ് കുര്യനാണ് അമൂലിന്റെ വിജയ ശിൽപി. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക നിർമ്മാണ സ്ഥാപനമായ അമൂലിന്റെ 2006-07 കാലയളവിലെ വിറ്റുവരവ് 1050 മില്ല്യൻ അമേരിക്കൻ ഡോളറാണ്. ശരാശരി ഒരു ദിവസം 10.6 മില്ല്യൻ ലിറ്റർ പാൽ ശേഖരണം നടത്തുന്ന 2.6 മില്ല്യൻ പാലുൽപാദകർ ഉൾകൊള്ളുന്നതാണ് അമൂൽ സഹകരണ സ്ഥാപനം. ഇന്ത്യക്ക് പുറത്ത് മൗറീഷ്യസ്, യു.എ.ഇ, അമേരിക്ക, ബംഗ്ലാദേശ്, ഓസ്ട്രേലിയ, ചൈന, സിംഗപൂർ, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും അമൂൽ വിപണി കണ്ടെത്തിയിട്ടുണ്ട്.
2009 ൽ സ്റ്റോക്ഹോമിൽ നടന്ന 10-ാമത് ഐഎഫ്സിഎൻ കോൺഫറസിൽ അവതരിപ്പിച്ച റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും 21 വലിയ ക്ഷീരവ്യവസായങ്ങളുടെ പട്ടികയിൽ അമുലും സ്ഥാനം പിടിച്ചിട്ടുണ്ട്.

