സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു തടയിടാനൊരുങ്ങി കേന്ദ്രം, എല്ലാ സംസ്ഥാനങ്ങളിലും ഫോറന്‍സിക് ലാബുകള്‍

വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു തടയിടാന്‍ കൂടുതല്‍ ഫോറന്‍സിക് ലാബുകള്‍ തുറക്കാനൊരുങ്ങി കേന്ദ്രം. എല്ലാ സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ഫോറന്‍സിക് ലാബുകള്‍ സ്ഥാപിക്കുമെന്ന് ഐടി മന്ത്രാലയം അറിയിച്ചു.

്പണമിടപാട് മേഖലയിലും, സ്ത്രീകള്‍ക്കെതിരെയും വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു തടയിടാനായാണ് പുതിയ ലാബുകള്‍, ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം 18 സൈബര്‍ ഫോറന്‍സിക്-കം-ട്രെയിനിങ് ലാബുകള്‍ കമ്മിഷന്‍ ചെയ്തിട്ടുണ്ടെന്നും, കൂടുതല്‍ ലാബുകള്‍ താമസിയാതെ തുറക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഉത്തര്‍പ്രദേശ്, തമിഴ്നാട്, ബംഗാള്‍, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, മിസോറാം, മണിപ്പൂര്‍, ത്രിപുര, ഡല്‍ഹി എന്നിവടങ്ങളില്‍ ഫോറന്‍സിക് ലാബിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലാബുകള്‍ കമ്മിഷന്‍ ചെയ്തു കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍, ആദ്യ ഘട്ടത്തില്‍ ലാബുകള്‍ ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇല്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഫോറന്‍സിക് പരിശീലന ലാബുകളും ഇതിനോടകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. കേരളം, ഉത്തരാഖണ്ഡ്, മുംബൈ, പുണെ, ഗാസിയാബാദ് (സിബിഐ അക്കാദമി), കൊല്‍ക്കൊത്ത, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവടങ്ങളിലാണ് പരിശീലനകേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുകയും, തടയുകയും, അതിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതിനും വേണ്ടിയുള്ള പരിശീലനങ്ങളാണ് ഇപ്പോള്‍ നല്‍കുന്നത്. 28,000 ലേറെ പൊലീസ്, എല്‍ഇഎ ഉദ്യോഗസ്ഥരും, ഏകദേശം 1,000 ജുഡീഷ്യല്‍ ഉദ്യോഗസ്ഥരും ഇതിനായി പരിശീലനം നേടിവരികയാണ്.

മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഐടി മന്ത്രാലയത്തിന് കീഴിയില്‍ (സിസിപിഡബ്ല്യൂസി) സൈബര്‍ ക്രൈം പ്രിവന്‍ഷന്‍ എഗെയിന്‍സ്റ്റ് വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ പദ്ധതി പ്രകാരം സൈബര്‍ ഫോറന്‍സിക്-കം-ട്രെയിനിങ് ലാബുകള്‍ സ്ഥാപിക്കും. ലാബുകളില്‍ പരിശീലനത്തിനും, ജൂനിയര്‍ സൈബര്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കാനുമായി കേന്ദ്രം ധനസഹായവും നല്‍കിയിട്ടുണ്ട്.

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും ജനങ്ങളിലേക്കെത്തിക്കാനും, ഇത് സംബന്ധിച്ച അവബോധം സമൂഹത്തില്‍ വളര്‍ത്തിയെടുക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര ലോക്സഭയില്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.