നീലത്തിമിംഗലത്തിന്റെ സാന്നിദ്ധ്യത്തിന് പിന്നാലെ മറ്റൊരു അപൂർവ്വതയ്ക്ക് കൂടി സാക്ഷ്യം വഹിക്കാനൊരുങ്ങി വിഴിഞ്ഞം

കോവളം: സംസ്ഥാനത്ത് ആദ്യമായി നീലത്തിമിംഗലത്തിന്റെ സാന്നിദ്ധ്യം കഴിഞ്ഞ ദിവസം ഗവേഷകർ തിരിച്ചറിഞ്ഞിരുന്നു. വിഴിഞ്ഞത്താണ് നീലത്തിമിംഗലത്തിന്റെ സാന്നിദ്ധ്യം ഗവേഷകർ തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ മറ്റൊരു അപൂർവ്വതയ്ക്ക് കൂടി സാക്ഷിയാകുകയാണ് വിഴിഞ്ഞം. ഒറ്റ ദിവസം പത്ത് കപ്പലുകൾ എന്ന അപൂർവതയ്ക്കാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നത്.

അന്തർദേശീയ ക്രൂചെയ്ഞ്ചിംഗ് സെന്ററായ വിഴിഞ്ഞത്ത് കപ്പലുകളുടെ നീണ്ട നിരയെത്തുകയാണ്. നാളെ പത്ത് കപ്പലുകളാണ് ക്രൂ ചെയ്ഞ്ചിംഗിന് വിഴിഞ്ഞത്തെത്തുന്നത്. ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ക്രൂചെയ്ഞ്ചിംഗ് നടത്തി പേരെടുത്ത വിഴിഞ്ഞം ഒറ്റ ദിവസം 10 കപ്പൽ എന്ന അപൂർവ നേട്ടം നാളെ കൈവരിക്കും. കടലിന്റെ സ്വാഭാവിക ആഴവും അന്തർദേശീയ ജലപാതയോട് ഏറെ അടുത്തുകിടക്കുന്നതുമാണ് വിഴിഞ്ഞം തീരത്തിനെ കപ്പലുകളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്.

വിഴിഞ്ഞം ഭാഗത്തെ ആഴക്കടലിൽ സ്ഥാപിച്ച ഹൈഡ്രോ ഫോണിലാണ് തിമിംഗലത്തിന്റെ ശബ്ദം രേഖപ്പെടുത്തിയത്. ഒന്നാ രണ്ടോ തിമിംഗലങ്ങളുടെ ശബ്ദം റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ പഠനത്തിനായി ഈ ശബ്ദം സഹായിക്കുമെന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്. അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ. ദിപാനി സുറ്റാറിയ, കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ. ബിജുകുമാർ എന്നിവരുൾപ്പെട്ട സംഘം മാസങ്ങളായി തുടർന്ന ഗവേഷണ പദ്ധതിയുടെ ഫലമായാണ് തിമിംഗലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ തീരത്തുനിന്ന് 50 മീറ്റർ മാറി കടലിൽ മൂന്നു മാസം മുമ്പ് ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ഓഡിയോ ക്ലിപ്പിൽ മൂന്നുതവണ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ മാർച്ചിൽ സ്ഥാപിച്ച ഹൈഡ്രോ ഫോൺ ജൂണിൽ തിരികെയെടുത്ത ശേഷം നടത്തിയ വിശകലനത്തിലാംണ് തിമിംഗലത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.