തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ബാങ്ക് സെക്രട്ടറി ടി. ആര്‍ സുനില്‍കുമാറും മാനേജര്‍ ബിജു കരീമും സിപിഎം പ്രവര്‍ത്തകര്‍. ഇരുവരും നാട്ടിലില്ലെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും സൂചനയുണ്ട്. ഇതിനിടെ, വായ്പാ തട്ടിപ്പിലൂടെ ലഭിച്ച പണം ഇവര്‍ മുടക്കിയത് തേക്കടിയിലെ റിസോര്‍ട്ടിലാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.
വായ്പാ തട്ടിപ്പ് നടത്തിയ പണം എവിടെ നിക്ഷേപിച്ചു എന്നതായിരുന്നു പൊലീസ് അന്വേഷിച്ചിരുന്ന കാര്യം.മാത്രമല്ല, ഒരു കോടിക്കു മീതെ വായ്പയെടുക്കുന്ന ഇടപാടുകാരോട് റിസോര്‍ട്ടിന്റെ ഷെയര്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുമായിരുന്നു. ഭൂമിയുടെ ആധാരം പണയപ്പെടുത്തി വായ്പയെടുക്കുന്ന ഇടപാടുകാരന്‍ അറിയാതെ ആധാരം വീണ്ടും പണയപ്പെടുത്തി ഉദ്യോഗസ്ഥര്‍ പണം തിരിമറി നടത്തിയിരുന്നതായും കണ്ടെത്തി. മുപ്പത് ആധാരങ്ങളില്‍ ഇങ്ങനെ തിരിമറി നടത്തിയതായാണു വിവരം.

