തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് വി ഡി സതീശന്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജിക്ക് തയാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ഭരണഘടനാപരമായ പദവിയില്‍ ഇരിക്കുന്ന മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ത്രീ നല്കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്.അതുകൊണ്ട് തന്നെ എ.കെ ശശീന്ദ്രന്‍ പദവിയില്‍ തുടരാന്‍ യോഗ്യനല്ലെന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച മന്ത്രി ശശീന്ദ്രന്‍ സംസാരിച്ചത് താക്കീതിന്റെ സ്വരത്തിലാണെന്നാണ് പരാതിക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.ശശീന്ദ്രനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വനിത കമ്മിഷനും യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ പരാതി നല്‍കി.

