മാർക്സ് സാമ്പത്തിക ശാസ്ത്രത്തിന്റെ അവസാന വാക്കല്ല; മന്ത്രി എം വി ഗോവിന്ദൻ

കാസർകോട്: മാർക്സ് സാമ്പത്തിക ശാസ്ത്രത്തിന്റെ അവസാന വാക്കല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. സമ്പത്ത് വ്യക്തിയിൽ കേന്ദ്രീകരിക്കുക വഴി സമൂഹത്തിലുണ്ടായ പ്രതിസന്ധിക്ക് സാമ്പത്തിക ശാസ്ത്രത്തിൽ ബദൽ പരിഹാരം കണ്ടെത്തുകയായിരുന്നു മാർക്സ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബഹുമുഖ തലങ്ങളെ വിശകലനം ചെയ്യാൻ അതുവഴി സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ സർവകലാശാല മുൻ രജിസ്ട്രാറും കാഞ്ഞങ്ങാട് നെഹ്റു കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മുൻ മേധാവിയുമായ ഡോ.എ. അശോകന്റെ ‘ഹെറ്ററഡോക്സ് ഇക്കണോമിക്സ്’ എന്ന പുസ്തകം പ്രകാശനന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം വി ബാലകൃഷ്ണൻ മാസ്റ്ററിന് പുസ്തകം കൈമാറിക്കൊണ്ടായിരുന്നു മന്ത്രി എം വി ഗോവിന്ദൻ പുസ്തക പ്രകാശനം നിർവ്വഹിച്ചത്.

സാമ്പത്തിക ശാസ്ത്രത്തിൽ മാർക്സ് അവസാന വാക്കാണെന്ന് പറയുന്നത് തെറ്റിദ്ധാരണയാണ്. ഇന്ന് അതിനപ്പുറത്തേക്ക് ഉൽപാദന ബന്ധങ്ങൾ വളർന്നു കഴിഞ്ഞു.18 ലക്ഷം ശമ്പളം വാങ്ങുന്നവർ, ചൂഷണത്തെക്കുറിച്ച് സംസാരിക്കുന്നതെന്തിനെന്ന് ചോദിക്കുന്നു. അത്രയും ശമ്പളം വാങ്ങുന്നയാൾ ഉൽപാദിപ്പിക്കുന്നതിന്റെ മൂല്യവും അതിനനുസരിച്ച് വളർന്നിട്ടുണ്ട്. പട്ടിണിയെ അടിസ്ഥാനമാക്കി മാത്രം മിച്ചമൂല്യ സിദ്ധാന്തത്തെ വിശകലനം ചെയ്യരുതെന്നും വളർന്നു വരുന്ന മേഖലയെ കൂടി ഉൾപ്പെടുത്തി വിശകലനം ചെയ്യുമ്പോഴാണ് മാർക്സിസം പ്രസക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.