അമരീന്ദര്‍സിംഗ് നവജ്യോത് സിംഗ് സിദ്ദു പോര് : എം.എല്‍.എമാരും എം.പിമാരും രണ്ട് തട്ടില്‍

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും ഇരുവരുടേയും തര്‍ക്കം മുറുകുന്നതിന് അനുസരിച്ച് രണ്ട് തട്ടുകളിലായിക്കൊണ്ടിരിക്കുകയാണ്. സിദ്ധു പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനെ എതിര്‍ത്ത് അമരീന്ദര്‍ സിങിന് ഒരു വിഭാഗം എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പരമാവധി എംഎല്‍എമാരെ കൂടെ കൂട്ടാനുള്ള ശ്രമത്തിലാണ് സിദ്ധു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 30 ഓളം എംഎല്‍എമാരുമായാണ് സിദ്ധു കൂടിക്കാഴ്ച നടത്തിയത്.

ഇതിനിടെ പഞ്ചാബിലെ കോണ്‍ഗ്രസ് രാജ്യസഭാ-ലോക്‌സഭാ എംപിമാര്‍ സിദ്ധുവിനെ പാര്‍ട്ടി അധ്യക്ഷനാക്കുന്നതില്‍ എതിര്‍പ്പറിയിച്ച് സോണിഗാന്ധിയെ കാണാനിരിക്കുകയാണ്. അമരീന്ദര്‍ സിങിന്റെ ഭാര്യയും ലോക്‌സഭാ അംഗവുമായ പ്രിനീത് കൗറിന്റെ നേതൃത്വത്തിലാണ് ഈ നീക്കം നടക്കുന്നത്.10 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം അമരീന്ദര്‍ സിങ്ങിന് തുറന്ന പിന്തുണയുമായി രംഗത്തെത്തി. സര്‍ക്കാരിനെതിരെ നിരവധി ട്വീറ്റുകള്‍ ചെയ്ത സിദ്ധു പരസ്യമായി മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.