അഹമ്മദാബാദ് : ലഹരിക്കടത്തിന്റെ കേന്ദ്രമാകാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്നും ഇന്ത്യ ലഹരി ഭീകരവാദത്തിന്റെ വെല്ലുവിളി നേരിടുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്ത് ഗാന്ധിനഗറിലെ നാഷനല്‍ ഫൊറന്‍സിക് സയന്‍സ് സര്‍വകലാശാലയില്‍ ലഹരി മരുന്നുകളുടെയും സൈക്കോട്രോപ്പിക് വസ്തുക്കളുടെയും ഗവേഷണത്തിനുള്ള സെന്റര്‍ ഫോര്‍ എക്സലന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമിത്ഷായുടെ വാക്കുകള്‍
ഇന്ത്യ മറ്റൊരു അപകടത്തെ അഭിമുഖീകരിക്കുന്നു, അതാണു ലഹരി ഭീകരവാദം. ലഹരിമരുന്ന് നമ്മുടെ രാജ്യത്തു പ്രവേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ല. ലഹരിയുടെ പാതയാകാന്‍ ഇന്ത്യയെ അനുവദിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ലഹരിക്കടത്ത് അവസാനിപ്പിക്കേണ്ടതു പ്രധാനമാണ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം നമ്മുടെ അന്വേഷണം.
ഈ സര്‍വകലാശാല മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും. ഫൊറന്‍സിക് സയന്‍സിനു സംഭാവന നല്‍കാനുള്ള അവസരം നിരവധി യുവാക്കള്‍ക്കു ലഭിക്കും. സൈബര്‍ പ്രതിരോധത്തിലും അമിതവണ്ണം തടയുന്നതിനുള്ള ബരിയാട്രിക് ഗവേഷണത്തിലും നമ്മള് സ്വയംപര്യാപ്തരാകും. വേഗത്തിലും കാര്യക്ഷമവുമായ അന്വേഷണത്തിനായി ശാസ്ത്രീയ സമീപനം ആവശ്യമാണ്. ക്രിമിനല്‍ കേസുകളില്‍ ഫൊറന്‍സിക് സയന്‍സിനു നിര്‍ണായക റോളുണ്ട്.

