തിരുവനന്തപുരം : മികവാര്‍ന്ന വിദ്യാഭ്യാസത്തിലൂടെ എല്ലാ സ്കൂളിലും അക്കാദമിക മികവ് ഉണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി സംസ്ഥാനത്ത് ദുരിതാശ്വാസനിധിയില്‍ ഉപഘടകമായി വിദ്യാഭ്യാസ സഹായ നിധി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനാ പ്രതിനിധികളുമായും ലോകകേരളസഭാ പ്രതിനിധികളുമായും നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓരോ കുട്ടിയുടെയും അദ്ധ്യാപകര്‍ തന്നെ അവര്‍ക്ക് ക്ലാസെടുക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ മാറ്റും. ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്നം പരിഹരിക്കാനാവുമെന്ന് സര്‍വീസ് പ്രൊവൈഡര്‍മാരുമായുള്ള ചര്‍ച്ചയില്‍ തെളിഞ്ഞു. രണ്ടാം കോവിഡ് വ്യാപനം വേഗതയില്‍ ഉണ്ടായി. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പെട്ടെന്ന് സ്കൂളില്‍ പോകാന്‍ പറ്റാത്ത സ്ഥിതി ഉണ്ടാവാനിടയുണ്ട്. അതുകൊണ്ട് ഡിജിറ്റല്‍ വിദ്യാഭ്യാസം കാര്യക്ഷമമായി തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

