കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ സിപിഎം ബന്ധം പുറത്ത് വന്നതോടെ ആരോപണങ്ങള്‍ കടുപ്പിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തിലെ പ്രധാനിയുമായി അടുത്ത ബന്ധമുള്ളയാള്‍ ക്വട്ടേഷന്‍ സംഘത്തലവനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ ആരോപിച്ചു.
പ്രാദേശികമായി പാര്‍ട്ടി സ്വര്‍ണ്ണക്കടത്തിന്റെ പങ്കുപറ്റുകയാണെന്നും സ്വതന്ത്ര അന്വേഷണം നടക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ സംഘങ്ങളില്‍ നിന്നും ലെവി പിടിക്കുന്ന പാര്‍ട്ടിയായി സിപിഎം അധ:പതിച്ചുവെന്നും സിപിഎം അറിഞ്ഞു വളര്‍ത്തിയ സംഘമാണ് കടത്തിന് പിന്നിലുള്ളതെന്നും ക്വട്ടേഷന്‍ നേതാക്കളായ കൊടി സുനിയും ഷാഫിയുമൊക്കെ സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ഉണ്ടെങ്കില്‍ ഇനി ഒരന്വേഷണവും ഉണ്ടാകില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ക്വട്ടേഷന്‍ സംഘത്തലവനാണെന്നാണ് ഷാഫി പറമ്പില്‍ ആദ്യം പറഞ്ഞത്. മാധ്യമ ഉപദേഷ്ടാവ് എന്ന പ്രയോഗത്തില്‍ സോഷ്യല്‍ മിഡിയയില്‍ അടക്കം വിമര്‍ശനം വന്നതോടെ് മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തിലെ പ്രധാനിയുമായി അടുത്ത ബന്ധമുള്ളയാള്‍ എന്ന് ഷാഫി തിരുത്തുകയായിരുന്നു.

