സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ കോടതി ഇടപെടരുത്: സുപ്രിംകോടതിയില്‍ കേരളത്തിന്റെ അപ്പീല്‍

ന്യൂഡല്‍ഹി: ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയില്‍. ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണിത്. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ കോടതി ഇടപെടരുതെന്നും ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണായി പ്രഖ്യാപിക്കാത്തതിനാല്‍ അവധി അനുവദിച്ചതില്‍ തെറ്റില്ലെന്നും ചീഫ് സെക്രട്ടറിയും പൊതുഭരണ-ധനകാര്യ സെക്രട്ടറിമാരും സംയുക്തമായി സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാണിക്കുന്നു.

ഓഫീസില്‍ ഹാജരാകാത്ത എല്ലാവരും പണിമുടക്കിനോട് യോജിപ്പുള്ളവരായിരുന്നില്ല. എന്നാല്‍, വാഹന സൗകര്യവും മറ്റും ഇല്ലാത്തതിനാലാണ് ചിലര്‍ക്ക് ഓഫീസില്‍ ഹാജരാകാഞ്ഞത്. ശമ്പളത്തോടെ അവധി അനുവദിക്കുന്നത് സര്‍ക്കാരിന് അധിക ബാദ്ധ്യത ഉണ്ടാക്കുന്നില്ലെന്നും സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സി. കെ. ശശി ഫയല്‍ ചെയ്ത അപ്പീലില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്ക് എതിരെ 2019 ജനുവരി 8, 9 തീയതികളില്‍ നടന്ന ദേശീയ പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളത്തോടെ അവധി അനുവദിച്ചുകൊണ്ട് കഴിഞ്ഞ ജനുവരി 31 നാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. ഈ ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് നിരീക്ഷിച്ച കോടതി അത് റദ്ദാക്കുകയും രണ്ട് മാസത്തിനകം ശമ്പളം തിരിച്ച് പിടിക്കണമെന്ന നിര്‍ദ്ദേശവും നല്‍കുകയായിരുന്നു. പണിമുടക്കില്‍ ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പങ്കെടുത്തിരുന്നു

.