സ്വർണ്ണക്കടത്ത് കേസ് മുങ്ങിപ്പോകാൻ സാധ്യതകളേറെ; കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വർണ്ണക്കടത്ത് കേസ് മുങ്ങിപ്പോകാൻ സാധ്യതകളേറെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ നടപടിയെടുത്തത് മുഖം രക്ഷിക്കാനാണ്. രാഷ്ട്രീയ പാർട്ടികൾ ക്രിമിനൽ സംഘങ്ങളെ അകറ്റി നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കിക്ക് കാറ് എടുത്ത് നൽകിയ സിപിഎം അംഗം സജേഷിനെതിരെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശ പ്രകാരം ചെമ്പിലോട് ലോക്കൽ കമ്മിറ്റിയാണ് സജേഷിനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.

സ്വർണ്ണം കടത്താൻ അർജ്ജുൻ ആയങ്കി കരിപ്പൂരേക്ക് കൊണ്ടുപോയ ഈ കാറ് സിപിഎം അംഗം സജേഷിൻേതാണെന്നത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. പാർട്ടിയെ മറയാക്കി ക്വട്ടേഷൻ സംഘവുമായി ബന്ധം പുലർത്തുന്നവരെയെല്ലാം കണ്ടെത്തി നടപടിയെടുക്കാനാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം.