തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊല്ലത്ത് ഭർതൃ ഗൃഹത്തിൽ മരിച്ച വിസ്മയയുടെ കുടുംബ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്.
വളരെ വേദനാജനകമായ സംഭവമാണിത്. വളർത്തി വലുതാക്കിയവർ ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു. ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങൾ കണ്ട് മറ്റൊരു വീട്ടിലേക്ക് കടന്നുപോയ വിസ്മയയ്ക്ക് ഇങ്ങനെയൊരു അന്ത്യം ഉണ്ടായത് വളരെ വേദനിപ്പിക്കുന്നുവെന്ന് വീണാ ജോർജ് പറഞ്ഞു.
കുറ്റക്കാർക്കെതിരെ കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. സ്ത്രീധനത്തിനെതിരെ കേരളത്തിന്റെ ഒരു പൊതുബോധം ശക്തമാകേണ്ടതുണ്ട്. സ്ത്രീധനം വാങ്ങില്ല എന്നുള്ളതും സ്ത്രീധനം കൊടുക്കില്ല എന്നുള്ളതും ഓരോരുത്തരും തീരുമാനിക്കേണ്ടതുണ്ട്. നമ്മുടെ പെൺമക്കൾ ഇങ്ങനെ കയറിന്റെ തുമ്പത്തോ, മണ്ണെണ്ണയൊഴിച്ചോ കൊല്ലപ്പെടേണ്ടവരോ മരിക്കേണ്ടവരോ അല്ല. സ്ത്രീധനത്തിന്റെ പേരിൽ ഇനി ഒരു പെൺജീവനും ഇവിടെ നഷ്ടപ്പെടരുത്. അതിശക്തമായ ഒരു പൊതുബോധം സ്ത്രീധന സമ്പ്രദായത്തിനെതിരെ ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.

