തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ നാളെ മുതൽ അടച്ചിടാൻ തീരുമാനം. ബാർ ഉടമകളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ബെവ്കോ വെയർ ഹൗസ് മാർജിൻ വർധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടർന്നാണ് ബാറുകൾ അടച്ചിടാൻ തീരുമാനിച്ചത്. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്റേതാണ് തീരുമാനം.
കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളും മദ്യവിൽപ്പന നിർത്തിവെച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബാറുകളുടെ വെയർ ഹൗസ് മാർജിൻ 25 ശതമാനമാക്കിയാണ് ഉയർത്തിയത്. കൺസ്യൂമർ ഫെഡിന്റേത് 20 ശതമാനമായും ഉയർത്തിയിട്ടുണ്ട്. ബെവ്കോയിൽ നിന്നും മദ്യം വാങ്ങുമ്പോഴുള്ള വെയർ ഹൗസ് മാർജിൻ വർദ്ധിപ്പിക്കുമ്പോഴും റീടെയ്ൽ വില ഉയർത്താൻ അനുവാദമില്ലാത്തതാണ് കൺസ്യൂമർ ഫെഡിനെയും ബാറുകളെയും പ്രതിസന്ധിയിലാക്കുന്നത്.
ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിനെ സമീപിച്ചിരുന്നു. പ്രശ്നം പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. പരിഹാരം ഉണ്ടാകുന്നതുവരെ ബാറുകൾ അടച്ചിടാനാണ് അസോസിയേഷന്റെ തീരുമാനിച്ചിരിക്കുന്നത്. മദ്യ വിൽപ്പനയിലെ ലാഭം ഉപയോഗിച്ചാണ് കൺസ്യൂമർ ഫെഡിൻറെ കിറ്റ് വിതരണം. മദ്യവിതരണം തടസപ്പെട്ടാൻ കിറ്റ് വിതരണവും പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോർട്ട്.

