അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 28 ഡോക്ടർമാരെ പിരിച്ചു വിട്ടു; വിട്ടുനിൽക്കുന്നവർ എത്രയും വേഗം സർവീസിൽ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നവർ എത്രയും വേഗം തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനം കോവിഡ് മഹാമാരിയ്‌ക്കെതിരായ തുടർച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവർത്തകർ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിതെന്ന്് വീണാ ജോർജ് പറഞ്ഞു. ഈ സാഹചര്യത്തിൽ വിട്ടു നിൽക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരും ഉടൻ തന്നെ സർവീസിൽ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.

അനധികൃതമായി സർവീസിൽ നിന്നും വർഷങ്ങളായി വിട്ടു നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടർമാരെ സർവീസിൽ നിന്നും നീക്കം ചെയ്യാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് അവർ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഈ സാഹച്യത്തിലാണ് സർക്കാർ ഇവർക്കെതിരെ കർശന നടപടി സ്വീകരിച്ചത്.

അതേസമയം വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കുമെന്നും വീണാ ജോർജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങൾ വാക്സിനെടുത്ത തീയതിയും വാക്സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സർട്ടിഫിക്കറ്റിൽ ഇവകൂടി ചേർക്കാൻ സർക്കാർ നിർദേശം നൽകിയത്. ഇതിനായുള്ള ഇ ഹെൽത്തിന്റെ പോർട്ടലിൽ അപ്ഡേഷൻ നടത്തിവരികയാണ്. അടുത്ത ദിവസം മുതൽ തന്നെ ബാച്ച് നമ്പരും തീയതിയും ചേർത്ത പുതിയ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. നേരത്തെ സർട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവർക്ക് അവകൂടി ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകും.

തീയതിയും ബാച്ച് നമ്പരും കൂടി ആവശ്യമുള്ള നേരത്തെ സർട്ടിഫിക്കറ്റ് എടുത്തവർ സംസ്ഥാന സർക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോർട്ടലിൽ പ്രവേശിച്ച് ലഭിച്ച പഴയ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്തിട്ട് വേണം പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തീയതിയുമുള്ള കോവിൻ (COWIN) സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവർ അത് സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. കോവിൻ പോർട്ടലിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ വാക്സിൻ എടുത്ത കേന്ദ്രത്തിൽ നിന്നും ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. സമർപ്പിക്കപ്പെട്ട അപേക്ഷകൾ പരിശോധിച്ച് തീയതിയും ബാച്ച് നമ്പരും ഉള്ള പുതിയ സർട്ടിഫിക്കറ്റ് നൽകും. അപേക്ഷിച്ചവർക്ക് തന്നെ പിന്നീട് സർട്ടിഫിക്കറ്റ് ഈ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഇപ്പോൾ, വാക്സിൻ എടുത്ത് വിദേശത്ത് പോകുന്നവർക്ക് ഉടൻ തന്നെ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പോർട്ടലിൽ വരുത്തിയിട്ടുണ്ട്. വാക്സിൻ നൽകി കഴിയുമ്പോൾ വ്യക്തിയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, സർട്ടിഫിക്കറ്റ് നമ്പർ അടങ്ങിയ എസ്എംഎസ് ലഭിക്കുന്നതാണ്. ഉടൻ തന്നെ അവർക്ക് പോർട്ടലിൽ നിന്നും സർട്ടിഫിക്കറ്റ് ഡൗൺ ലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ സംശയങ്ങൾക്ക് ദിശ 1056, 104 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.