കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും

ksrtc

കോഴിക്കോട്: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കോവിഡ് കാരണം സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ തമ്പാനൂരില്‍ നിന്ന് സര്‍വീസുകളുണ്ടാകില്ല. പകരം, തിരുവനന്തപുരം ആനയറയില്‍ നിന്നാണ് താത്കാലികമായി സര്‍വീസുകള്‍ നടക്കുക. കൊവിഡ് കാലത്തേക്ക് മാത്രമായി ഏര്‍പ്പെടുത്തിയ പ്രത്യേകനിരക്കിലാണ് സര്‍വീസ് നടത്തുന്നത്. ആളുകള്‍ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്നും ഇത് കനത്ത വെല്ലുവിളിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ആ സാഹചര്യത്തിലാണ് നഷ്ടമാണെങ്കില്‍ കൂടിയും സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം നികുതി ഇളവ് ആവശ്യപ്പെട്ട് സ്വകാര്യബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയാണ്. സ്വകാര്യ ബസ് ഉടമകള്‍ക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.