സംസ്ഥാനത്ത് സമ്പൂർണ്ണലോക്ക് ഡൗൺ പിൻവലിക്കുന്നു; രോഗ തീവ്രത അനുസരിച്ച് പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. രോഗതീവ്രത അനുസരിച്ച് പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ന് മുകളിൽ ഉള്ള സ്ഥലങ്ങളിൽ സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. ടിപിആർ 30 ന് മുകളിൽ ആയാൽ ട്രിപ്പിൾ ലോക്ക് ഡൗണും പ്രഖ്യാപിക്കും. ടിപിആർ എട്ടിന് താഴെയുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ നൽകും. ബുധനാഴ്ച്ച അർദ്ധ രാത്രി മുതലായിരിക്കും ഇളവുകൾ പ്രാബല്യത്തിൽ വരിക.

ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തും. വ്യാവസായിക – കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേസ്ഥാപനങ്ങളുടെ പരിധിയിലും അനുവദിക്കും ഈ മേഖലയിലെ തൊഴിലാളികൾക്ക് ഗതാഗത സൗകര്യം അനുവദിക്കും.

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ രാത്രി ഏഴുവരെ തുറക്കാൻ അനുവദിക്കും. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ തുറക്കും. ജൂൺ 17 മുതൽ കേന്ദ്ര – സംസ്ഥാന സർക്കാർ ഓഫീസുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവൺമെന്റ് കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും പ്രവർത്തിക്കാം.

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച മുഖ്യമന്ത്രി ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയന്ത്രണങ്ങളോട് കൂടിയാകും പ്രവർത്തനം. രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ഏഴ് വരെയാകും പ്രവർത്തന സമയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബാറുകളിൽ പാഴ്‌സൽ മാത്രമാകും ലഭ്യമാകുക. അപ്പ് വഴി ബുക്ക് ചെയ്താകും മദ്യ വിൽപ്പനയെന്ന് മുഖ്യമന്ത്രി അറിയിച്ചു. സെക്രട്ടേറിയറ്റിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം വരെ ജീവനക്കാർക്ക് പ്രവർത്തിക്കാം. ബാങ്കുകൾ നിലവിലുള്ള രീതിയിൽതന്നെ തുടർന്നും പ്രവർത്തിക്കും.