ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹം കുറ്റം : കാരണങ്ങള്‍ ആരാഞ്ഞ് ഹൈക്കോടതി

കൊച്ചി: ഐഷ സുല്‍ത്താനയ്‌ക്കെതിരായ കേസില്‍ രാജ്യദ്രോഹം കുറ്റം ചുമത്തിയതിന്റെ കാരണങ്ങള്‍ ആരാഞ്ഞ് ഹൈക്കോടതി. ഐഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് കോടതി പൊലീസിനോട് ചോദ്യങ്ങള്‍ ആരാഞ്ഞത്. അടുത്ത സിറ്റിംഗിന് മുമ്പ് മറുപടി നല്‍കണമെന്നും കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഐഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി.

രാജ്യദ്രോഹ കേസില്‍ ഈ മാസം 20-ന് ഹാജരാകാനാണ് തനിക്ക് പൊലീസില്‍ നിന്ന് ലഭിച്ച നിര്‍ദേശമെന്നും അതിനാല്‍ പൊലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് പരിഗണിക്കണമെന്ന് ഐഷ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. താന്‍ ടെലിവിഷന്‍ ചാനലില്‍ നടത്തിയ പരാമര്‍ശം ബോധപൂര്‍വം ആയിരുന്നില്ലെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് കേസ് എടുത്തതെന്നും ഐഷ പറഞ്ഞു. ബയോവെപ്പണ്‍ പരാമര്‍ശം വിവാദമായപ്പോള്‍ താന്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നുവെന്നും ഐഷ തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.