തിരുവനന്തപുരം: സംസ്ഥാനത്ത് നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടനപത്രിക നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പദ്ധതികൾ പ്രഖ്യാപിച്ചത്. സാമ്പത്തിക രംഗത്തിന് ഉത്തേജനം നൽകുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്. ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയാണ് പദ്ധതിയുടെ കാലയളവ്. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി നൂറ് ദിന കർമ്മ പദ്ധതികളെ കുറിച്ച് വിശദീകരിച്ചത്.
2464.92 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. പൊതുമരാമത്ത്, റീബിൽഡ് കേരള, കിഫ്ബി എന്നിവയുടെ ഭാഗമായായിരിക്കും പണം ചെലവഴിക്കുക. 1519 കോടിയുടെ പദ്ധതിയായിരിക്കും പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിക്കുക. പദ്ധതിയുടെ ഭാഗമായി പുതിയ 77,350 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
25,000 ഹെക്ടറിൽ ജൈവ കൃഷി നടപ്പാക്കും. 12,000 പട്ടയങ്ങൾ വിതരണം ചെയ്യും. കോവിഡിൽ അനാഥരായ കുട്ടികൾക്കുള്ള സഹായധന വിതരണം ഉടൻ തുടങ്ങും. ഭൂനികുതി അടയ്ക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിക്കും. നിർധനരായ കുട്ടികൾക്ക് ഫോൺ വാങ്ങാൻ പലിശരഹിത വായ്പ നൽകും. ലൈഫ് മിഷൻ വഴി 10,000 വീടുകൾ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാക്കാനും ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള നയങ്ങൾക്കും പരിപാടികൾക്കുമാണ് പ്രാധാന്യം നൽകുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിർമ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യം. അതീവ ദാരിദ്ര്യ നിർമ്മാർജ്ജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങൾ ഇല്ലായ്മ ചെയ്യൽ, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പിൽ വരുത്തൽ, ആരോഗ്യകരമായ നാഗരിക ജീവിതത്തിന് അനുയോജ്യമാംവിധം ആധുനിക ഖരമാലിന്യസംസ്‌കരണ രീതി അവലംബിക്കൽ എന്നിവയ്ക്ക് അതീവ ശ്രദ്ധ നൽകും. കാർഷികമേഖലയിൽ ഉൽപാദന വർദ്ധനവിനൊപ്പം വിഷരഹിതമായ ആഹാര പദാർത്ഥങ്ങളുടെ നിർമ്മാണവും പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയബന്ധിത ആസൂത്രണത്തിന്റെ ഭാഗമായാണ് 100 ദിനപരിപാടി നടപ്പാക്കുന്നത്’.
വ്യവസായ വകുപ്പ് 10,000, സഹകരണം 10,000, കുടുംബശ്രീ 2,000, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 2,000, വനിതാവികസന കോർപ്പറേഷൻ 2,500, പിന്നോക്കവികസന കോർപ്പറേഷൻ 2,500, പട്ടികജാതി, പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ 2,500, ഐ.ടി. മേഖല 1000, തദ്ദേശ സ്വയംഭരണ വകുപ്പ് 7,000 (യുവ വനിതാ സംരംഭകത്വ പരിപാടി 5000, സൂക്ഷ്മ സംരംഭങ്ങൾ 2000), ആരോഗ്യവകുപ്പ് 4142 (പരോക്ഷമായി), മൃഗസംരക്ഷണ വകുപ്പ് 350 (പരോക്ഷമായി), ഗതാഗത വകുപ്പ് 7500, റവന്യൂ വകുപ്പിൽ വില്ലേജുകളുടെ റീസർവ്വേയുടെ ഭാഗമായി 26,000 സർവ്വേയർ, ചെയിൻമാൻ എന്നിവരുടെ തൊഴിലവസരങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്‌കിൻറെ ആഭിമുഖ്യത്തിൽ പൂർത്തിയാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ 1000 ൽ 5 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കും.
നൂറുദിനപരിപാടിയുടെ നടപ്പാക്കൽപുരോഗതി നൂറു ദിവസങ്ങൾ പൂർത്തിയാകുമ്പോൾ പ്രത്യേകം അറിയിക്കും. വൻ പ്രകൃതി ദുരന്തങ്ങളെ നേരിട്ട നമ്മുടെ സംസ്ഥാനത്ത് ദുരന്താഘാത ശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങൾ സമയബന്ധിതമായി സൃഷ്ടിക്കാനായി രൂപപ്പെടുത്തിയ പദ്ധതിയാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (ആർ കെ ഐ). ഇതിനായി അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളായ ലോകബാങ്ക്, ജർമ്മൻ ബാങ്കായ കെ എഫ് ഡബ്ല്യൂ, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻറ് ബാങ്ക് (എ ഐ ഐ ബി) എന്നിവയിൽ നിന്നും 5,898 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതം കൂടി ചേരുമ്പോൾ ആർ കെ ഐ പദ്ധതികൾക്കായി 8,425 കോടി രൂപ ലഭ്യമാകും. അതിൽ വരുന്ന നൂറു ദിനങ്ങളിൽ 945.35 കോടി രൂപയുടെ 9 റോഡ് പ്രവർത്തികൾ ആരംഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

